പരസ്യ വിമർശനം.. നിബിൻ ശ്രീനിവാസനെ സിപിഎം പുറത്താക്കി…
സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം നിബിൻ ശ്രീനിവാസനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മാധ്യമങ്ങളിൽ പരസ്യ പ്രസ്താവന നടത്തിയതാണ് കാരണം. ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദ സന്ദേശം പുറത്തുവിട്ടതിന് പിന്നിലും നിബിൻ ആണെന്ന സംശയം സിപിഎം നേതാക്കൾക്കുണ്ട്.
മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള ഏഴ് സഹകരണ ബാങ്കുകളിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് ഏരിയാ കമ്മിറ്റിയില്‍ നിന്ന് തന്നെ തരം താഴ്ത്തിയെന്നാണ് കഴിഞ്ഞ ദിവസം നിബിൻ മാധ്യമങ്ങളോട് പറഞ്ഞത്. നടത്തറ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം നിബിന് ശ്രീനിവാസനാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്ന ആരോപണവുമായി രംഗത്തെത്തിയത്. സിപിഎം മണ്ണുത്തി ഏരിയാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു നിബിന് ശ്രീനിവാസന്. മണ്ണുത്തി ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള സഹകരണ സംഘങ്ങളില്‍ അഴിമതിയെന്ന ആരോപണമാണ് നിബിന് ഉന്നയിച്ചത്. നടത്തറ പഞ്ചായത്ത് കാര്‍ഷിക – കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘം, മൂര്‍ക്കനിക്കര സര്‍വീസ് സഹകരണ ബാങ്ക്, റബ്ബര്‍ ടാപ്പിങ് സഹകരണ സംഘം, കൊഴുക്കുള്ളി കണ്‍സ്യൂമര്‍ സഹകരണ സംഘം, അയ്യപ്പന് കാവ് കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘം തുടങ്ങിയ സംഘങ്ങളില്‍ അഴിമതിയെന്നാണ് നിബിൻ ആരോപിച്ചത്.
പാര്‍ട്ടി കമ്മിറ്റികളില്‍ പറഞ്ഞിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് നിബിൻ പറഞ്ഞു. നടപടിയെടുത്തില്ലെന്ന് മാത്രമല്ല, സമ്മേളനത്തില്‍ തന്നെ ഏരിയാ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്തിയെന്നും നിബിന് ആരോപിച്ചു. ഒടുവിൽ നിബിനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്.