നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങി…നടിക്ക് ഗുരുതര പരിക്ക്…
നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയ നടി കരിഷ്മ ശർമയ്ക്ക് ഗുരുതരപരുക്ക്. മുംബൈ ലോക്കൽ ട്രെയിനിൽ നിന്നും തിരിച്ചിറങ്ങാൻ ശ്രമിക്കവെയാണ് താരം അപകടത്തിൽപെട്ടത്. സുഹൃത്തുക്കൾക്കൊപ്പം ഷൂട്ടിംഗ് സ്ഥലത്തേക്ക് പോകുകയായിരുന്നു താരം. എന്നാൽ, സുഹൃത്തുക്കൾ ട്രെയിനിൽ കയറിയില്ലെന്ന് മനസ്സിലായതോടെ തിരിച്ചിറങ്ങാൻ ശ്രമിക്കുകയായിരുന്നു. നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പ്ലാറ്റ്ഫോമിലേക്ക് ചാടിയ താരത്തിന്റെ നടുവിനും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്.
താരം തന്നെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ അപകടവിവരം വെളിപ്പെടുത്തിയത്. തനിക്കായി പ്രാർത്ഥിക്കണമെന്നും നടി ആരാധകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
‘ചർച്ച്ഗേറ്റിലുള്ള ഷൂട്ടിങ് സ്ഥലത്തേക്ക് പോകാനായി സാരിയുടുത്താണ് ട്രെയിനിൽ കയറിയത്, കയറിയ ഉടൻ ട്രെയിൻ നീങ്ങാൻ തുടങ്ങി, അപ്പോഴാണ് സുഹൃത്തുക്കൾക്ക് ട്രെയിനിൽ കയറാൻ പറ്റിയില്ലെന്ന കാര്യം ഞാൻ ശ്രദ്ധിക്കുന്നത്, ഉടൻ തന്നെ പരിഭ്രാന്തയായി ചാടാൻ ശ്രമിച്ചു, ചാടിയപ്പോൾ നടുവും തലയുമിടിച്ച് വീഴുകയായിരുന്നു’- കരിഷ്മ പറയുന്നു.
നടുവിനും തലയിലും നീർവീക്കമുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു, എംആർഐ സ്കാനിങ് എടുത്തു, തലയിലേറ്റ പരുക്ക് ഗുരുതരമാണോയെന്ന നിരീക്ഷണത്തിലാണിപ്പോൾ, നല്ല വേദനയുണ്ട്, എങ്കിലും ഞാൻ ധൈര്യത്തോടെ ഇരിക്കുന്നു, നിങ്ങളുടെ പ്രാർഥനയിൽ എന്നേയുംകൂടി ചേർക്കണമെന്നും നടി സ്റ്റോറിയിലൂടെ ആവശ്യപ്പെടുന്നു. ആശുപത്രിയിൽ നിന്നുള്ള കരിഷ്മയുടെ ചിത്രങ്ങൾ സുഹൃത്ത് സോഷ്യൽമീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിലവിൽ അവൾക്കൊന്നും ഓർക്കാൻപോലും കഴിയുന്നില്ലെന്നും സുഹൃത്ത് പറയുന്നു.
ബോളിവുഡ് സിനിമാ – സീരിയൽ രംഗത്ത് ശ്രദ്ധേയയാണ് കരിഷ്മ ശർമ. രാഗിണി എംഎംഎസ് റിട്ടേൺസ്, പ്യാർ കാ പംച്ചുനാമ 2, എന്നീ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ കരിഷ്മയ്ക്ക് മികച്ച അഭിപ്രായം നേടിക്കൊടുത്തവയാണ്.