മൂൺലൈറ്റ് സ്പായിൽ മോഷണം.. ഒരാൾ അറസ്റ്റിൽ..

മുക്കത്തെ അഗസ്ത്യമുഴിയില്‍ പ്രവര്‍ത്തിക്കുന്ന മൂണ്‍ലൈറ്റ് സ്പായില്‍ കയറി അതിക്രമവും മോഷണവും നടത്തിയ സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. അരീക്കോട് സ്വദേശി മുഹമ്മദ് ആഷിക്കിനെയാണ് മുക്കം പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസില്‍ മലപ്പുറം സ്വദേശി തന്നെയായ മുഹമ്മദ് റിന്‍ഷാദ് കൂടി പിടിയിലാകാനുണ്ട്.

കഴിഞ്ഞ ജൂണ്‍ 12നാണ് മുക്കം അഗസ്ത്യമുഴിയിലെ സ്പായില്‍ ഇരുവരും ചേര്‍ന്ന് അക്രമം നടത്തിയത്. സ്ഥാപനത്തിലെ സിസിടിവിയും കംപ്യൂട്ടര്‍ മോണിറ്ററും നശിപ്പിച്ച ഇവര്‍ അവിടെയുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവരുകയും ചെയ്തു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സഹിതം സ്ഥാപന ഉടമ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.

മുഹമ്മദ് ആഷിക്ക് കഴിഞ്ഞ ദിവസം മുക്കത്ത് എത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇയാള്‍ ബൈക്കില്‍ പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞു. ഇയാളെ പിന്തുടര്‍ന്ന പൊലീസ് അരീക്കോട്ടെ അല്‍നാസ് ആശുപത്രിക്ക് സമീപം വച്ച് പിടികൂടുകയായിരുന്നു. മുക്കം എസ്‌ഐ സന്തോഷ് കുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റഫീഖ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനീസ്, ജോഷി എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

Related Articles

Back to top button