പക്വതയോടെ പാര്‍ട്ടിയേയും മുന്നണിയേയും നയിച്ചു, കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടം; പിപി തങ്കച്ചന് ആദരാഞ്ജലി അര്‍പ്പിച്ച് രമേശ് ചെന്നിത്തല…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചന്‍റെ വിയോഗത്തില്‍ പ്രതികരിച്ച് രമേശ് ചെന്നിത്തല. വളരെയടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്ന നേതാവായിരുന്നു പിപി തങ്കച്ചനെന്നും താന്‍ കെപിസിസി പ്രസിഡന്‍റായിരുന്ന സമയത്ത് അദ്ദേഹം യുഡിഎഫ് കണ്‍വീനറായിരുന്നു ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു എന്ന് ചെന്നിത്തല പറഞ്ഞു. കൂടാതെ പക്വതയോടെയും പാകതയോടെയും പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്ന കാര്യത്തില്‍ വളരെ ശ്രദ്ധാലുവായിരുന്നു പിപി തങ്കച്ചന്‍. ഇന്നലെ എറണാകുളം രാജഗിരി ആശുപത്രിയില്‍ പോയി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റി സാഹചര്യങ്ങൾ മെച്ചപ്പെടും എന്ന് കരുതിയിരുന്നു. എന്നാല്‍ ഇത്ര പെട്ടന്നുള്ള മരണം പ്രതീക്ഷിച്ചില്ല. മികച്ച സേവനമാണ് സമൂഹത്തിന് വേണ്ടി അദ്ദേഹം നടത്തിയത്. വ്യക്തിപരമായി എന്നോട് വളരെ സ്നേഹത്തിലാണ് അദ്ദേഹം പെരുമാറിയിരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണ് പിപി തങ്കച്ചന്‍റെ വിയോഗത്തോടെ ഉണ്ടായിരിക്കുന്നത് എന്ന് പറഞ്ഞ ചെന്നിത്തല അദ്ദേഹത്തിന്‍റെ ഓര്‍മ്മകൾക്ക് മുന്നില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.
മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഫ് മുൻ കൺവീനറുമായിരുന്ന പി പി തങ്കച്ചൻ വാർധക്യ സഹജജമായ അസുഖങ്ങളെത്തുടർന്നാണ് മരിച്ചത്. ആലുവയിലെ രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4.30ന് ആയിരുന്നു അന്ത്യം. കെപിസിസി മുൻ പ്രസിഡന്റ്, മുൻ സ്പീക്കർ, മന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1991 മുതൽ 95 വരെ സ്‌പീക്കറായിരുന്നു. 95ൽ ആന്റണി മന്ത്രിസഭയിൽ കൃഷി മന്ത്രിയായി പ്രവർത്തിച്ചു. 1982 മുതൽ 1996 വരെ പെരുമ്പാവൂർ എംഎൽഎ ആയിരുന്നു.
1968 ൽ 26-ാം വയസ്സിൽ പെരുമ്പാവൂർ നഗരസഭ അധ്യക്ഷനായി. രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർമാനെന്ന റെക്കോർഡിട്ടായിരുന്നു തുടക്കം. പിന്നീട് 91 മുതൽ 95 വരെ നിയമസഭ സ്പീക്കർ, 95 മുതൽ 96 വരെ ആൻറണി മന്ത്രിസഭയിൽ കൃഷി മന്ത്രി, കെപിസിസി പ്രസിഡൻറ്, യുഡിഎഫ് കൺവീനർ തുടങ്ങി കോൺഗ്രസ്സിൽ മേൽവിലാസങ്ങൾ ഒരുപാടുണ്ടായിരുന്നു പി പി തങ്കച്ചന്. എറണാകുളത്തെ കോൺഗ്രസ്സിൻറെ മണ്ണ് ആണ് പി പി തങ്കച്ചനിലെ നേതാവിനെ പരുവപ്പെടുത്തിയത്. ഗ്രൂപ്പ് പോര് പാരമ്യത്തിലെത്തിയ നാളുകളിൽ ലീഡർക്കൊപ്പം അടിയുറച്ചു നിന്നു തങ്കച്ചൻ. 1982 മുതൽ 96 വരെ പെരുമ്പാവൂർ യുഡിഎഫിൻറെ ഉറച്ച കോട്ടയാക്കി മധ്യകേരളത്തിലെ കോൺഗ്രസ്സിൻറെ തലയെടുപ്പുള്ള നേതാവായി മാറി തങ്കച്ചൻ. എന്നാൽ 2001 ൽ സിപിഎമ്മിലെ സാജു പോളിനോട് അടിപതറി. സംസ്ഥാനത്ത് 100 സീറ്റുമായി എ കെ ആൻറണിയുടെ നേതൃത്വത്തിൽ യുഡിഎഫ് തകർപ്പൻ ജയം നേടിയപ്പോൾ തോറ്റ ഒരു പ്രമുഖൻ തങ്കച്ചനായിരുന്നു. ലീഡറുടെ വലം കൈ ആയിരുന്നെങ്കിലും 2005 ഡി ഐ സി രൂപീകരിച്ച് കരുണാകരൻ പാർട്ടി വിട്ടപ്പോഴും തങ്കച്ചൻ കോൺഗ്രസ്സിൽ അടിയുറച്ചു നിന്നു. തുടർന്ന് മുഖ്യമന്ത്രിയാകാൻ ഉമ്മൻ ചാണ്ടിയൊഴിഞ്ഞ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് തങ്കച്ചനെത്തി. 2005ൽ അന്ന് മുതൽ 2018 വരെ നീണ്ട 13 വർഷം യുഡിഎഫ് കൺവീനർ സ്ഥാനത്ത് തങ്കച്ചൻ തുടർന്നു.