‘സിപിഐയില്‍ കൊഴിഞ്ഞുപോക്ക്, നേതാക്കൾ പ്രവര്‍ത്തനം ശക്തമാക്കണം’..
സംസ്ഥാനത്ത് പാർട്ടി ബ്രാഞ്ച് കമ്മിറ്റികളുടെ എണ്ണം കുറഞ്ഞുവരുന്നതായും പാർട്ടി അംഗങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടായതായും സിപിഐ സമ്മേളന റിപ്പോര്‍ട്ട്. സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച് മണ്ഡലങ്ങളിൽ നേതൃത്വത്തിന്‍റെ സമവായ ശ്രമങ്ങൾ പരാജയപ്പെട്ടെന്നും സംസ്ഥാന സമ്മേളനത്തിനുശേഷം നേതാക്കൾ സംഘടനാ പ്രവർത്തനം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ നിർദേശിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും പ്രവർത്തനത്തിൽ വീഴ്ച ഉണ്ടായെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിയെയും രൂക്ഷ വിമര്‍ശനങ്ങളുണ്ട്.
ഭൂരിപക്ഷ വർഗീയത രാജ്യത്ത് കൂടുതൽ ആപത്തുണ്ടാക്കുമെന്ന നീരീക്ഷണവും സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മത തീവ്രവാദം മറ്റൊരു മത തീവ്രവാദം കൊണ്ട് ചെറുക്കൻ ആകില്ല, ഭൂരിപക്ഷ വർഗീയതയ്ക്ക് ബദൽ ന്യൂനപക്ഷ വർഗീയതയല്ല. ജാതീയതയുടെ ഭ്രാന്ത് ചെറുക്കൻ പാർട്ടിക്ക് കഴിയണം എന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ പട്ടികജാതി – പട്ടിക വർഗ ദളിത് വിഭാഗങ്ങളോടുള്ള ഹിന്ദുത്വ വർഗീയതയുടെ വേട്ടയാടലിനെതിരെ തീവ്ര പ്രചരണം നടത്താൻ പാർട്ടിക്ക് കഴിയണമെന്നും ഇക്കഴിഞ്ഞ സമ്മേളന കാലത്ത് പാർട്ടിക്ക് സംഘടനാപരമായ നഷ്ടമുണ്ടായി എന്നും പറയുന്നുണ്ട്.
സര്‍ക്കാരിനെതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. മദ്യനയത്തിൽ നിലവിലെ നിലപാട് തെറ്റാണെന്നും സർക്കാർ പ്രോത്സാഹിപിപ്പിക്കുന്നത് വിദേശ മദ്യമാണ്, കള്ള് ചെത്ത് വ്യവസായം പ്രതിസന്ധിയിലെന്നുമുൾപ്പെടെയുള്ള കാര്യങ്ങളാണ് സിപിഐ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്. മുൻഗണന ക്രമം നിശ്ചയിച്ചതിലും പാളിച്ചയുണ്ടെന്നാണ് സിപിഐ നിലപാട്. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണനയാണ്. കർഷകർക്ക് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ കിട്ടിയിട്ടില്ല എന്നും അന്ധവിശ്വാസം നിയന്ത്രിക്കാൻ നിയമ നിർമ്മാണം വൈകരുത് എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല തൃശ്ശൂരിൽ ബിജെപി വിജയിച്ചത് അതീവ ഗൗരവ തരമായ കാര്യമാണെന്നും പാർലമെന്റ് മണ്ഡലങ്ങളിൽ ബിജെപി ഗണ്യമായി വോട്ടുയർത്തിയതിനാല്‍ തന്നെ തദ്ദേശ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജാഗ്രത വേണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.