വ്യാജ മാല മോഷണക്കേസ്; ബിന്ദുവിന് സഹായ ഹസ്തവുമായി എംജിഎം ഗ്രൂപ്പ്, സ്കൂളിൽ പ്യൂണായി നിയമനം നൽകും..

പേരൂർക്കടയില്‍ പൊലീസ് കള്ളകേസിൽ കുടുക്കി ദളിത് സ്ത്രീയായ ബിന്ദുവിന് സഹായവുമായി എംജിഎം ഗ്രൂപ്പ്. ചുള്ളിമാനൂർ സ്വദേശി ബിന്ദുവിന് എംജിഎം സ്കൂളിൽ പ്യൂണായി നിയമനം നൽകുമെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൽ അറിയിച്ചു. മാനേജുമെൻ്റ് പ്രതിനിധികൾ ബിന്ദുവിൻ്റെ വീട്ടിലെത്തിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ബിന്ദുവിനെ മാനസികമായി പീഡിപ്പിച്ച കേസിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന റിപ്പോ‍ർട്ട് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നാളെ പരിഗണിക്കും.

പേരൂർക്കടയിലെ വ്യാജ മാല മോഷണക്കേസിൽ ഇന്നലെയാണ് വൻ വഴിത്തിരിവ് ഉണ്ടായത്. വീട്ടുജോലിക്കാരി ബിന്ദുവിനെ പ്രതിയാക്കാൻ പൊലീസ് തിരക്കഥയുണ്ടാക്കിയെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു. പരാതിക്കാരിയായ ഓമന ഡാനിയലിന്‍റെ വീട്ടിനുള്ളിൽ നിന്ന് സ്വർണ്ണം കിട്ടിയിട്ടും ബിന്ദുവിനെ കുടുക്കാൻ ശ്രമിച്ചെന്നാണ് പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്‍റെ അന്വേഷണത്തിലെ കണ്ടെത്തൽ. വീടിന് പിന്നിലെ ചവറുകൂനയിൽ നിന്ന് സ്വർണ്ണം കിട്ടിയെന്ന് പറയാൻ പരാതിക്കാരിയോട് പൊലീസ് ആവശ്യപ്പെട്ടെന്ന നിർണ്ണായക കണ്ടെത്തൽ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു.

സംഭവത്തില്‍ ബിന്ദുവിനെ അന്യായമായി കസ്റ്റഡിലെടുത്ത എസ്ഐ പ്രസാദ്, ഗ്രേഡ് എസ്ഐ പ്രസന്നൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. എസ്.എച്ച്.ഒ ശിവകുമാർ, കള്ളപ്പരാതി നൽകിയ വീട്ടുടമ ഓമന ഡാനിയൽ പേരൂർക്കട സ്റ്റേഷനിൽ ഡ്യൂട്ടിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ എന്നിവർക്കെതിരെ നടപടി വേണമെന്നാണ് പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിരിക്കുന്നത്. ഓമന ഡാനിയലിന്‍റെ വീട്ടിൽ ജോലിക്കുനിന്ന ബിന്ദുവിനെതിരെ മോഷണകുറ്റം ചുമത്തിയാണ് പൊലീസ് കസ്റ്റഡയിൽ വെച്ചത്. ഉദ്യോഗസ്ഥർക്കെതിരായ നടപടി, ബിന്ദുവിനുള്ള നഷ്ടപരിഹാരം തുടങ്ങിയ കാര്യങ്ങളിൽ കമ്മീഷൻ നാളെ തീരുമാനമെടുക്കും. ബിന്ദു നൽകിയ പരാതിയിലാണ് കമ്മീഷൻ തിരുവനന്തപുരം ജില്ലക്ക് പുറത്തുള്ള ഒരു ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

Related Articles

Back to top button