സിനിമ കാണുന്നതിനിടെ ഭാര്യയ്ക്ക് കഥപറഞ്ഞുകൊടുത്തു; സസ്പെൻസ് കളയരുതെന്ന് സഹകാഴ്ചക്കാർ; ഒടുവിൽ….
കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ഹോളിവുഡ് ഹൊറർ ചിത്രം കൺജുറിംഗ് യൂണിവേഴ്‌സ് നാലാം ഭാഗം കാണുന്നതിനിടെ തീയറ്ററിനുള്ളിൽ കയ്യാങ്കളി. പൂനെ പിംപ്രി ചിഞ്ച്‌വാഡിലെ ഒരു സിനിമാ തിയേറ്ററിനുള്ളിലാണ് സംഭവം. സിനിമ കാണുന്നതിനിടെ 29 കാരനായ ഐടി ജീവനക്കാരനെ ദമ്പതികൾ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തതായാണ് പരാതി.
സിനിമ തുടങ്ങിയത് മുതല്‍ ഒരാള്‍ തന്‍റെ ഭാര്യയോട് കഥ പറഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. പ്രതിയും ഭാര്യയും പിൻ നിരയിലാണ് ഇരുന്നത്.ഇത് തൊട്ടടുത്തുള്ളവര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കി. കഥ പറയുന്നത് നിര്‍ത്തണമെന്നും സിനിമയുടെ സസ്പെന്‍സ് കളയരുതെന്നും ഐടി ജീവനക്കാരനും ഭാര്യയും ആവശ്യപ്പെട്ടു.
എന്നാല്‍ പ്രതിയും ഭാര്യയും ഇത് അവഗണിക്കുകയായിരുന്നു. മറ്റുള്ളവരെ ശല്യപ്പെടുത്തരുതെന്നും യുവാവ് വീണ്ടും ആവശ്യപ്പെട്ടു. ഇതിനെചോദ്യം ചെയ്തപ്പോള്‍ ഇയാളും ഭാര്യയും അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഇതിലിടപെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതിയും ഭാര്യയും തന്‍റെ ഭാര്യയെ ആക്രമിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. നിസാര പരിക്കേറ്റ ഇയാള്‍ പൊലീസിനെ സമീപിക്കുകയും പരാതി നല്‍കുകയുമായിരുന്നു.ചിഞ്ച്‌വാഡ് പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്തെങ്കിലും ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.