‘ഞാൻ റിച്ചാണ്, വിലപിടിപ്പുള്ള സമ്മാനം തരാം’.. കേരള പോലീസിന്റെ ജാഗ്രതാ നിർദേശം..
പുതിയ തരം ഓൺലൈൻ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്. സമൂഹ മാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ച് ആളുകളുടെ പണം തട്ടിയെടുക്കുന്ന പുതിയ രീതി വ്യാപകമാവുകയാണ്. വിദേശികളാണെന്ന് സ്വയം പരിചയപ്പെടുത്തിയും, വലിയ സാമ്പത്തിക ഭാവമുള്ളവരാണെന്ന് തെറ്റിദ്ധരിപ്പിച്ചും ആളുകളുടെ വിശ്വാസം നേടിയെടുക്കുകയാണ് ഈ തട്ടിപ്പുസംഘം ആദ്യം ചെയ്യുന്നത്.
ഇങ്ങനെ വിശ്വസിച്ചു കഴിഞ്ഞാൽ, വിലയേറിയ സമ്മാനങ്ങൾ അയച്ചുനൽകുന്നതായി അവർ വാഗ്ദാനം ചെയ്യും. ആഡംബര വസ്തുക്കളുടെ ചിത്രങ്ങൾ കാണിച്ച് ആളുകളെ പ്രലോഭിപ്പിക്കുകയും, ഒരു പാഴ്സൽ പായ്ക്ക് ചെയ്തതിന്റെയും വിലാസം രേഖപ്പെടുത്തിയതിന്റെയും ഫോട്ടോകൾ അയച്ചുനൽകുകയും ചെയ്യും.
ഈ ഘട്ടത്തിന് ശേഷമാണ് യഥാർത്ഥ തട്ടിപ്പ് ആരംഭിക്കുന്നത്. പിന്നീട്, കസ്റ്റംസ് ഉദ്യോഗസ്ഥരോ എയർപോർട്ട് സുരക്ഷാ ഉദ്യോഗസ്ഥരോ ആണെന്ന് പരിചയപ്പെടുത്തി വ്യാജ ഫോൺ കോളുകൾ വരും. വിദേശത്തുനിന്ന് നിങ്ങൾക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന പാഴ്സൽ വന്നിട്ടുണ്ടെന്നും, അതിന് കസ്റ്റംസ് തീരുവ അടച്ചിട്ടില്ലെന്നും പറയും. പണം ഉടൻ അടച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടിവരുമെന്നും ഭീഷണിപ്പെടുത്തും.
ഇത്തരത്തിലുള്ള കെണിയിൽ വീഴാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ലഭിക്കാൻ പോകുന്ന സമ്മാനങ്ങളുടെ മൂല്യം ഓർത്ത് പരിഭ്രമിക്കുകയോ ഭയപ്പെടുകയോ ചെയ്യരുത്. ഇത് ഒരു തട്ടിപ്പാണെന്ന് മനസ്സിലാക്കി പണം നൽകാതിരിക്കുക.
ഇത്തരത്തിലുള്ള ഓൺലൈൻ തട്ടിപ്പുകൾക്ക് ഇരയായാൽ എത്രയും വേഗം 1930 എന്ന നമ്പറിൽ വിളിച്ച് ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.