3398 കുടുംബങ്ങള്‍ ദാരിദ്ര്യമുക്തം.. അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്ന നേട്ടത്തിലേക്ക് ആലപ്പുഴ…
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങവേ അതിദരിദ്രരില്ലാത്ത ജില്ലയെന്ന സ്വപ്നനേട്ടത്തിലേക്ക് ചുവടുവച്ച് ആലപ്പുഴയും. ജില്ലയില്‍ അതിദരിദ്രരായി കണ്ടെത്തിയ 95 ശതമാനത്തോളം കുടുംബങ്ങളെയും ഇതിനകം അതിദാരിദ്ര്യമുക്തമാക്കാന്‍ കഴിഞ്ഞു. അവശേഷിക്കുന്ന കുടുംബങ്ങളെക്കൂടി അതിദാരിദ്ര്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ അതിവേഗം പുരോഗമിക്കുകയാണ്. അന്തിമപട്ടിക പ്രകാരം അതിദരിദ്രരായി ജില്ലയില്‍ കണ്ടെത്തിയ 3,613 കുടുംബങ്ങളില്‍ 3398 കുടുംബങ്ങളെയും അതിദാരിദ്ര്യ മുക്തമാക്കിയിട്ടുണ്ട്.
അതിദാരിദ്ര്യ പട്ടികയില്‍ ജില്ലയില്‍ വീട് മാത്രം ആവശ്യമുള്ള 276 കുടുംബങ്ങളാണുണ്ടായിരുന്നത്. ഇവരില്‍ 219 പേരുടെയും വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അവശേഷിക്കുന്ന വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തമാവാന്‍ വസ്തുവും വീടും ആവശ്യമുള്ള ജില്ലയിലെ കുടുംബങ്ങളുടെ എണ്ണം 196 ആയിരുന്നു. ഇതില്‍ 146 കുടുംബങ്ങള്‍ക്ക് വസ്തു ലഭ്യമാക്കിയിട്ടുണ്ട്. ഇവരില്‍ 41 കുടുംബങ്ങള്‍ ഇതിനോടകം വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അവശേഷിക്കുന്നവരുടെ വീട് നിര്‍മ്മാണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണ്.
ഭൂരഹിത ഭവനരഹിതരില്‍ ഭൂമി വാങ്ങിനല്കുവാന് സാധിക്കാത്ത 50 കുടുംബങ്ങള്‍ക്ക് ഫ്ളാറ്റ് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. വീട് അറ്റകുറ്റപ്പണി ആവശ്യമുള്ള 404 കുടുംബങ്ങളുടെയും അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞു. ഭക്ഷണം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് 2021 ജൂലൈയിലെ മാര്‍ഗരേഖപ്രകാരം ജില്ലയിലെ അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്തിയത്. ഈ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മൈക്രോപ്ലാനുകൾ ആവിഷ്കരിച്ചു നടപ്പിലാക്കി. മൈക്രോപ്ലാൻ പ്രകാരം ഭക്ഷണവും മരുന്നുകൾ, പാലിയേറ്റീവ് കെയർ, ആരോഗ്യ സഹായ ഉപകരണങ്ങൾ എന്നിങ്ങനെയുള്ള ആരോഗ്യസേവനങ്ങളും ആവശ്യമുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാക്കി.