ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ടുചോര്‍ന്നെന്ന് കോണ്‍ഗ്രസ്…

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിൽനിന്ന് വോട്ടുചോര്‍ന്നുവെന്ന് വിലയിരുത്തി കോണ്‍ഗ്രസ്. മഹാരാഷ്ട്രയിൽ നിന്നടക്കം വോട്ടുചോര്‍ന്നുവെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തൽ. ചില ചെറിയ പാര്‍ട്ടികളെ സര്‍ക്കാര്‍ സ്വാധീനിച്ചുവെന്നും കോണ്‍ഗ്രസ് വിലയിരുത്തുന്നു. ചില എംപിമാര്‍ ബാലറ്റ് മനപ്പൂര്‍വ്വം അസാധുവാക്കിയെന്നും കോണ്‍ഗ്രസ് സംശയിക്കുന്നു. ആം ആദ്മി പാര്‍ട്ടിയിലെ ചില എംപിമാര്‍ കൂറുമാറിയെന്നും കോണ്‍ഗ്രസ് ഉന്നത വൃത്തങ്ങള്‍ പറയുന്നു. സുപ്രീംകോടതിയില്‍ നിന്ന് വിരമിച്ച ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യ മുന്നണിക്ക് വേണ്ടി മത്സരിച്ചത്. 300 വോട്ടുമാത്രമാണ് ഇന്ത്യാ സഖ്യം സ്ഥാനാർത്ഥി സുദർശൻ റെഡ്ഡിക്ക് നേടാനായത്. 15 വോട്ട് അസാധുവായിരുന്നു. 

152 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് എൻഡിഎ സ്ഥാനാർത്ഥി സിപി രാധാകൃഷ്ണൻ ഇന്ത്യയുടെ 15ആമത് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പോള്‍ ചെയ്യപ്പെട്ട 767 വേട്ടില്‍ 452 വോട്ട് നേടിയാണ് സി പി രാധാകൃഷ്ണന്‍റെ വിജയം. രഹസ്യ ബാലറ്റ് അടിസ്ഥാനത്തിലാണ് വോട്ടെടുപ്പ് നടന്നത്. ഉപരാഷ്ട്രപതി പദവിയിൽ രണ്ടു വർഷം ബാക്കി നിൽക്കെ, ജഗദീപ് ധൻകറിന്‍റെ അപ്രതീക്ഷിത രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്.

തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവാണ് സി പി രാധാകൃഷ്ണന്‍. തെക്കേന്ത്യയിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സിപി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് സി പി രാധാകൃഷ്ണന്‍ രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. മഹാരാഷ്ട്ര ഗവർണറായിരുന്നു. ജാർഖണ്ഡ്, തെലങ്കാന ഗവർണർ സ്ഥാനവും വഹിച്ചിട്ടുണ്ട്. 2004 മുതൽ 2007 വരെ ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള ബിജെപിയുടെ പ്രഭാരി സ്ഥാനവും വഹിച്ചിട്ടുണ്ട്. കോയമ്പത്തൂരിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു.

Related Articles

Back to top button