ജനവാസമേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടൽ

ജനവാസമേഖലയിൽ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം രാത്രി 10.15-ഓടെ പെരുന്തട്ട ഹെൽത്ത് സെന്ററിനുസമീപം എൽസ്റ്റൺ എസ്റ്റേറ്റിലായിരുന്നു സംഭവം. വലിയ ശബ്ദംകേട്ടാണ് വന്യമൃഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണെന്ന് പ്രദേശവാസികൾക്ക് മനസ്സിലായത്.

ശബ്ദംകേട്ടെത്തിയപ്പോൾ കടുവയും പുലിയും തമ്മിൽ ഏറ്റുമുട്ടുന്നതാണ് കണ്ടതെന്ന് ദൃക്സാക്ഷികളിലൊരാളായ ബെന്നി ലൂയിസ് പറഞ്ഞു. കടുവ വനഭാഗത്തേക്കും പുലി ജനവാസമേഖലയിലേക്കുമാണ് പോയതെന്ന് ബെന്നി ലൂയിസ് പറഞ്ഞു.

പ്രദേശത്ത് വനംവകുപ്പ് നടത്തിയ പരിശോധനയിൽ പുലിയുടേതെന്നു സംശയിക്കുന്ന രോമവും കണ്ടെത്തി.

പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായത് സ്ഥിരീകരിക്കുന്ന അടയാളങ്ങളുമുണ്ട്. പുലിക്ക് സാരമായി പരിക്കേറ്റിറ്റുണ്ടാവാമെന്ന നിഗമനത്തിൽ വനംവകുപ്പ് പ്രദേശത്ത് വ്യാപകമായി പരിശോധന നടത്തിയെങ്കിലും പുലിയെയും കടുവയെയും കണ്ടെത്താനായില്ല.

ഇവ പ്രദേശത്ത് തമ്പടിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിക്കാനുള്ള തെളിവുകളും ലഭിച്ചില്ല. വനംവകുപ്പ് മേപ്പാടി റാപ്പിഡ് റെസ്പോൺസ് ടീമും മുട്ടിൽ സെക്‌ഷൻ അധികൃതരും ചേർന്നാണ് പരിശോധന നടത്തിയത്. കടുവയും പുലിയും നേരിൽ ഏറ്റുമുട്ടുന്നത് അപൂർവമാണെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.

ഏറ്റുമുട്ടലുണ്ടായതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശത്ത് വനംവകുപ്പ് ക്യാമറകളും സ്ഥാപിച്ചു. പ്രദേശത്ത് രാത്രിയും പകലും നിരീക്ഷണം തുടരുമെന്നും വനംവകുപ്പധികൃതർ പറഞ്ഞു.

തിങ്കളാഴ്ച സമീപപ്രദേശങ്ങളായ ചുണ്ടവയലിൽ കടുവയെയും കണ്ണൻചാത്തിൽ പുലിയെയും കണ്ടിരുന്നു. രണ്ടിടത്തും പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല.

ഇവയാണോ പെരുന്തട്ട എൽസ്റ്റൺ എസ്റ്റേറ്റിൽ എത്തിയതെന്നും സംശയമുണ്ട്.

Related Articles

Back to top button