ആഗോള അയ്യപ്പ സംഗമം….സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി…

കൊച്ചി: ആഗോള അയ്യപ്പ സംഗമം ചോദ്യം ചെയ്തുള്ള ഹർജിയിൽ സർക്കാരിനോടും തിരുവിതാംകൂർ ദേവസ്വം ബോർഡിനോടും വിശദീകരണം തേടി ഹൈക്കോടതി. മറ്റന്നാൾ മറുപടി നൽകാൻ സർക്കാരിനും ദേവസ്വം ബോർഡിനും ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് നൽകിയ ഹർജിയിലാണ് ജസ്റ്റിസുമാരായ വി രാജാ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവർ ഉൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ നടപടി.

ശബരിമല മാസ്റ്റർ പ്ലാനിന് വേണ്ടി നിക്ഷേപം സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ വിശദീകരിച്ചു. ഭക്തരായ സ്‌പോൺസർമാരിൽ നിന്ന് പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ നടത്തും. ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. ഇതിനാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.

അയ്യപ്പ സംഗമത്തിന് മൂവായിരം പ്രതിനിധികളെ പ്രതീക്ഷിക്കുന്നുവെന്നും ദേവസ്വം ബോർഡ് വിശദീകരിച്ചു. ഹർജിക്കാരൻ അനാവശ്യ മുതലെടുപ്പിന് ശ്രമിക്കുന്നുവെന്നായിരുന്നു സർക്കാർ അഭിഭാഷകന്റെ വാദം. മതേതര സർക്കാർ അയ്യപ്പ സംഗമം നടത്താൻ പാടില്ലെന്നും ദേവസ്വം ബോർഡ് സർക്കാരിന്റെ മറ മാത്രമെന്നുമാണ് ഹർജിക്കാരൻ ഉയർത്തിയ വാദം. ഹർജി ഡിവിഷൻ ബെഞ്ച് മറ്റന്നാൾ വീണ്ടും പരിഗണിക്കും.

Related Articles

Back to top button