സർജറി വാർഡിലടക്കം സന എത്തി.. ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും 3 മാസം ആശുപത്രിയിൽ സജീവം! ഒടുവിൽ…
കർണാടകയിലെ ബെലഗാവിയിൽ നഴ്സ് ചമഞ്ഞ് ആശുപത്രിയിൽ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. കാർവാർ സ്വദേശി സന ഷെയ്ക്ക് ആണ് പൊലീസിന്‍റെ പിടിയിലായത്. ബെലഗാവിയിലെ ബീംസ് ആശുപത്രി അധികൃതരുടെ പരാതിയിലാണ് തട്ടിപ്പ്കാരിയായ നഴ്സിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞ രണ്ടു മൂന്നു മാസത്തോളം ആയി നഴ്സിംഗ് സ്റ്റുഡന്റ് എന്ന വ്യാജേന ഈ ആശുപത്രിയിൽ ഇവരുണ്ടായിരുന്നു. ഇഞ്ചക്ഷൻ നൽകിയും കുഞ്ഞുങ്ങളെ പരിചരിച്ചും പല വകുപ്പുകളിലും എത്തിയെങ്കിലും അധികൃതർക്ക് തട്ടിപ്പ് തിരിച്ചറിയാനായില്ല.
ഇതു മുതലെടുത്ത് സർജറി വാർഡിൽ ഉൾപ്പെടെ സന ഷെയ്ക്ക് എത്തുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞദിവസം സുരക്ഷാ ജീവനക്കാർക്ക് തോന്നിയ സംശയമാണ് യുവതിയെ കുടുക്കിയത്. പിന്നാലെ പൊലീസ് പിടിയിലാകുന്നതും. ചോദ്യം ചെയ്യലിൽ താൻ നഴ്സിംഗ് പഠിച്ചിട്ടില്ലെന്ന് ബെലഗാവിയിലെ കുമാരസ്വാമി ലേഔട്ടിൽ താമസിക്കുന്ന സന പോലീസിനോട് പറഞ്ഞു. ബിംസിൽ എത്തുന്നതിനുമുമ്പ് മറ്റൊരു ആശുപത്രിയിലും താൻ സമാനമായി ജോലി ചെയ്തിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയിട്ടുണ്ട്.
തട്ടിപ്പിനോട് ബീംസ് ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. എന്തിനാണ് യുവതി വ്യാജ നഴ്സ് ചമഞ്ഞ് ആശുപത്രികളിലെത്തിയതെന്നാണ് ഉയരുന്ന സംശയം. എന്തായാലും സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്.