സർക്കാർ ഓഫീസുകളിൽ മോഷണം..ലാപ്ടോപ്പുകളും പണവും അടക്കം നഷ്ട്ടപെട്ടത്…
ബാലരാമപുരം മേഖലയിൽ മൂന്ന് സർക്കാർ സ്ഥാപനങ്ങളിൽ മോഷണം . വില്ലേജ് ഓഫീസ്, ആയുർവേദ ആശുപത്രി, കൃഷിഭവന്റെ കീഴിലുള്ള ചെടി നഴ്സറി എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാത്രി മോഷണം നടന്നത്. വില്ലേജ് ഓഫീസിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് ഓഫീസിലെ മേശയിലുണ്ടായിരുന്ന മൂന്ന് ലാപ്ടോപ്പുകൾ കവർന്നതായി കണ്ടെത്തി. വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് വിവരങ്ങളടങ്ങിയ ലാപ്ടോപ്പാണ് മോഷണം പോയത്.
ഓണാവധിക്കുശേഷം ഉദ്യോഗസ്ഥരെത്തി കൂടുതൽ പരിശോധന നടത്തിയാൽ മാത്രമേ നഷ്ടപ്പെട്ട ലാപ്ടോപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമാക്കാൻ കഴിയൂ. തൊട്ടടുത്തായി പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിയിലെ വാതിൽ കുത്തിപ്പൊളിച്ചെങ്കിലും ഒന്നും എടുത്തിട്ടില്ല. കൃഷിഭവന്റെ കീഴിലുള്ള ബ്ലോക്ക് ചെടി നഴ്സറിയിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന 500 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്. ബാലരാമപുരം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി.
ഡോഗ് സ്ക്വാഡ് സമീപത്ത് നിന്നും ഒരു കിലോമീറ്ററോളം സഞ്ചരിച്ച് തിരികെ പോന്നു. പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചിട്ടുണ്ടെന്നും പൊലീസിൽ മാസങ്ങൾ മുൻപ് തന്നെ അറിയിച്ചതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് വി. മോഹനൻ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.