മാവേലിക്കരയിൽ ഒന്നിച്ചോണം “വൈബ്” ആക്കി എം.എൽ.എ…. കണ്ണുകെട്ടി കലമടിച്ച് അരുൺകുമാർ…..

മാവേലിക്കര- മിനിസിവിൽ സ്റ്റേഷനിലെ ഇക്കൊല്ലത്തെ ഓണാഘോഷം എല്ലാ വകുപ്പിലെയും ജീവനക്കാർ ചേർന്ന് സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ഒന്നിച്ച് ആഘോഷിച്ചു. ഒന്നിച്ചോണം 2025 എന്ന ഓണാഘോഷ പരിപാടിക്ക് മാവേലിക്കയുടെ ഭരണ സിരാകേന്ദ്രത്തിൽ മെഗാ അത്തപ്പൂക്കളം ഒരുക്കിയാണ് തുടക്കമിട്ടത്. പത്തടി വലിപ്പത്തിലുള്ള പൂക്കളം നിർമ്മിച്ചത് ഏകദേശം 100 കിലോയോളം പൂക്കൾ ഉപയോഗിച്ചാണ്. വിവിധ വകുപ്പുകളെ 50 ഓളം ജീവനക്കാർ അടങ്ങുന്ന സംഘമാണ് മൂന്നു മണിക്കൂർ കൊണ്ട്പൂക്കളം തീർത്തത്. മാവേലിക്കര താലൂക്കിലെ ഏറ്റവും വലിയ പൂക്കളത്തിനാണ് മിനി സിവിൽ സ്റ്റേഷൻ അങ്കണം വേദിയായത്.

അതിഥിയായി എം.എസ് അരുൺകുമാർ എം.എൽ.എ കൂടിയെത്തിയപ്പോൾ ജീവനക്കാർക്ക് ആവേശം വർദ്ധിച്ചു. വാദ്യമേളത്തോടൊപ്പം മാവേലിയും പുലികളി സംഘവും ജീവനക്കാർ ഒരുക്കിയ ഓണ ഘോഷയാത്രയും എം.എൽ.എയെ വരവേറ്റു. ഉദ്യോഗസ്ഥരുടെ ആഘോഷങ്ങൾ കണ്ടപ്പോൾ എം.എൽ.എയ്ക്കും ആവേശമായി. ഓണക്കളികളുടെ ഭാഗമായി സംഘടിപ്പിച്ച കലമടി മത്സരത്തിൽ ഒരു കൈ നോക്കാൻ എം.എൽ.എയും മുണ്ട് മടക്കിയുടുത്ത് ഇറങ്ങി. ആർപ്പുവിളികളോടാണ് ഉദ്യോഗസ്ഥർ എം.എൽ.എ പ്രോത്സാഹിപ്പിച്ചത്. മിനി സിവിൽ സ്റ്റേഷനിലെ എല്ലാ ജീവനക്കാർക്കും ചെറിയ ഓണസമ്മാനവും നൽകിയാണ് എം.എൽ.എ മടങ്ങിയത്.

മാവേലിക്കര മുൻസിപ്പൽ ചെയർമാൻ നൈനാൻ.സി.കുറ്റിശ്ശേരിൽ വേദിയിലെത്തി ആശംസകൾ അറിയിച്ചു. മിനി സിവിൽ സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്ക് എത്തിയ പൊതുജനങ്ങളും ഉദ്യോഗസ്ഥർക്കൊപ്പം ആഘോഷ പരിപാടികളിൽ പങ്കെടുത്തു. എല്ലാവർക്കും വേണ്ടി ഓണസദ്യയും ഉദ്യോഗസ്ഥ കൂട്ടായ്മ കരുതിയിരുന്നു. എല്ലാവർക്കും ഓണം എന്ന സങ്കല്പമാണ് ആഘോഷങ്ങളിലൂടെ പ്രാവർത്തികമാക്കിയതെന്ന് സംഘാടകർ അറിയിച്ചു. 18 വകുപ്പുകളിൽ നിന്നായി 220 ഓളം ഉദ്യോഗസ്ഥർ ആഘോഷ പരിപാടികളിൽ പങ്കെടുത്തു.

Related Articles

Back to top button