കേരളത്തെ പിടിമുറുക്കി അമീബിക് മസ്തിഷ്ക ജ്വരം.. പനി ബാധിച്ച് ചികിത്സക്കെത്തിയ 10 വയസുകാരന് രോഗം സ്ഥിരീകരിച്ചു…

കേരളത്തില്‍ ഒരാൾക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പത്ത് വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കടുത്ത പനി ബാധിച്ചാണ് കുട്ടിയെ ആശുപത്രയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആകുകയായിരുന്നു. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്.

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നുമാസം പ്രായമുള്ള കുഞ്ഞ് കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു. ഓമശ്ശേരി കണിയമ്പുറം വീട്ടിൽ അബ്ദുൾ സിദ്ദിഖ്- മെെനൂന ദമ്പതികളുടെ മകൻ മുഹമ്മദ് ആഹിലാണ് മരിച്ചത്. 28 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. നിലവിൽ കോഴിക്കോട്, മലപ്പുറം, വയനാട് സ്വദേശികൾ ചികിത്സയിലുണ്ട്. ഓമശേരി പ്രദേശത്ത് നേരത്തെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മറ്റൊരു മരണം സ്ഥിരീകരിച്ചിരുന്നു.

ദിവസങ്ങൾക്ക് മുൻപ് മലപ്പുറം കണ്ണമംഗലം ചേറൂർ കാപ്പിൽ കണ്ണേത്ത് റംലയും (52) കഴിഞ്ഞ മാസം 15ന് താമരശ്ശേരി ആനപ്പാറ പൊയിൽ സനൂപിന്റെ മകൾ അനയയും രോഗംബാധിച്ച് മരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച അനയയുടെ സഹോദരങ്ങൾ ചികിത്സയിലാണ്. അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് ജാഗ്രത തുടരുന്നതിനിടെയാണ് മൂന്ന് മരണവുമുണ്ടായത്. നിലവിൽ 10പേർ കോഴിക്കോട് മെഡിക്കൽ കോളേജിലടക്കം ചികിത്സയിലുണ്ടെന്നാണ് വിവരം.

രണ്ടു പേരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്. രോഗബാധിതർക്ക് കൃത്യമായ ചികിത്സ നൽകുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജിത് കുമാർ പറഞ്ഞിരുന്നു.ഇതിനിടെ, ആശ്വാസവാർത്തായി അപൂര്‍വ അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസ് മസ്തിഷ്‌ക അണുബാധയും ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 17 വയസുകാരൻ ജീവിതത്തിലേക്ക് തിരികെയെത്തി. ലോകത്തുതന്നെ വളരെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രണ്ട് മസ്തിഷ്‌ക അണുബാധയും ഒരുമിച്ച് ബാധിച്ചയാൾ രക്ഷപ്പെടുന്നത് ഇതാദ്യമായാണ്.

അമീബിക്ക് മസ്തിഷ്‌കജ്വരം – പ്രതിരോധ മാര്‍ഗങ്ങള്‍

· നിശ്ചലവും ശുദ്ധീകരിക്കാത്തതുമായ ജലാശയങ്ങളില്‍ ചാടുന്നത്, മുങ്ങുന്നത് എന്നിവ ഒഴിവാക്കുക.

· നീന്തുമ്പോള്‍ അല്ലെങ്കില്‍ മുങ്ങേണ്ടി വരുന്ന സാഹചര്യങ്ങളില്‍, നോസ് പ്ലഗ് ഉപയോഗിക്കുക, അല്ലെങ്കില്‍ മൂക്ക് വിരലുകളാല്‍ മൂടുക.

· ശുദ്ധീകരിക്കാത്ത ജലാശയങ്ങളില്‍ നീന്തുമ്പോള്‍ തല വെള്ളത്തിന് മുകളില്‍ സൂക്ഷിക്കുക.

· ജലാശയങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍, ചെളി /അടിത്തട്ട് കുഴിക്കുന്നത്/ കലക്കുന്നത് എന്നിവ ഒഴിവാക്കുക.

· നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, സ്പാകള്‍ എന്നിവ ശുചിത്വത്തോടെ ക്ലോറിനേഷന്‍ ചെയ്ത്, ശരിയായ രീതിയില്‍ പരിപാലിക്കണം.

· സ്പ്രിങ്കളറുകള്‍, ഹോസുകള്‍ എന്നിവയില്‍ നിന്നും വെള്ളം മൂക്കിനുള്ളില്‍ പതിക്കുന്ന സാഹചര്യം ഒഴിവാക്കുക.

· തിളപ്പിച്ച് ശുദ്ധി വരുത്താത്ത വെള്ളം ഒരു കാരണവശാലും കുട്ടികളുടേയോ മുതിര്‍ന്നവരുടേയോ മൂക്കില്‍ ഒഴിക്കരുത്.

· ക്ലോറിനേറ്റ് ചെയ്യാത്ത വെള്ളം ഉപയോഗിച്ച് കുളിക്കുമ്പോള്‍/ മുഖം കഴുകുമ്പോള്‍ വെള്ളം മൂക്കിനുള്ളിലേക്ക് പോകാതെ സൂക്ഷിക്കുക.

· ജലാശയങ്ങള്‍ മലിനമാകാതെ സൂക്ഷിക്കുക

· പൊതു ജലാശയങ്ങളിലേക്ക് വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യം ഒഴുക്കരുത്.

· ജലവിതരണത്തിനും സംഭരണത്തിനും ഉപയോഗിക്കുന്ന ജല സംഭരണികളും, വലിയ ടാങ്കുകളും മൂന്ന് മാസം കൂടുമ്പോള്‍ നല്ലത് പോലെ തേച്ച് വൃത്തിയാക്കണം.

Related Articles

Back to top button