‘രാഹുലിനെതിരെ ഭരണപക്ഷം പൂവൻകോഴിയുടെ ശബ്ദമുണ്ടാക്കിയാൽ യുഡിഎഫ് പൂച്ചയുടെ ശബ്ദമുണ്ടാക്കും’.. പിന്തുണയുമായി കൂടുതൽ നേതാക്കൾ…

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ വിഷയത്തിൽ കോൺഗ്രസിന്റെ നിലപാട് മയപ്പെടുന്നു.രാഹുൽ എം.എൽ.എ. സ്ഥാനം രാജിവെക്കേണ്ടെന്ന നിലപാടുമായി കൂടുതൽ നേതാക്കൾ രംഗത്തെത്തി.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മുൻ നിലപാട് മയപ്പെടുത്തിയിരിക്കുകയാണ് കെ മുരളീധരൻ. രാഹുലിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടക്കട്ടേയെന്നും അന്വേഷണ റിപ്പോർട്ട് വരുന്നതിന് മുമ്പ് വിധി കൽപ്പിക്കേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ എത്തുമ്പോഴുള്ള അവസ്ഥയെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണ്. അതിപ്പോൾ വിവാദമാക്കേണ്ട കാര്യമില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ സഭാനടപടികളുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതിനാൽ കോൺഗ്രസിന്റെ ലിസ്റ്റിൽ രാഹുലിന്റെ പേര് ഉണ്ടാകില്ലെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

നിയമസഭയിലെത്തുന്ന രാഹുലിനെ കയ്യേറ്റം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. രാഹുൽ എഴുന്നേറ്റ് നിൽക്കുമ്പോൾ ഭരണകക്ഷിയിലെ ചിലർ പൂവൻകോഴിയുടെ ശബ്ദമുണ്ടാക്കിയേക്കും. ഭരണപക്ഷം പൂവൻകോഴിയുടെ ശബ്ദമുണ്ടാക്കിയാൽ യുഡിഎഫ് പൂച്ചയുടെ ശബ്ദമുണ്ടാക്കും. ഭരണപക്ഷത്തെ എംഎൽഎമാരിൽ പീഡനപരാതികളിൽ കേസെടുത്ത് ജാമ്യത്തിൽ തുടരുന്നവരുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.

രാഹുലിനെതിരായ ആരോപണങ്ങളിലെ സർക്കാർ അന്വേഷണത്തെ ഞങ്ങൾ ഒരുതരത്തിലും ചോദ്യം ചെയ്യുന്നില്ല. പക്ഷെ ഇതുവരെ നേരിട്ടുള്ള പരാതി ലഭിച്ചിട്ടില്ല. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് വരുന്നതുവരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നതാണ് പാർട്ടിയുടെ തീരുമാനം. നിലവിൽ പാർട്ടി അംഗത്വത്തിൽ നിന്ന് രാഹുലിനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വിഷയത്തിൽ പാർട്ടി വ്യക്തമായ തീരുമാനങ്ങളാണ് എടുത്തിട്ടുള്ളത്. ഇതിൽ കൂടുതൽ നടപടി സ്വീകരിക്കേണ്ട ആവശ്യം ഇപ്പോഴില്ല. ബാക്കിയെല്ലാം അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിന്നീട് തീരുമാനിക്കാമെന്നും കോൺഗ്രസ് നയം സ്വീകരിക്കുന്നത് മറ്റ് പാർട്ടികളെ നോക്കിയിട്ടല്ലെന്നും മുരളീധരൻ പറഞ്ഞു.

Related Articles

Back to top button