ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികളുടെ അപകട യാത്ര.. കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കെഎസ്ആര്‍ടിസി ബസില്‍ അപകടകരമായി സഞ്ചരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദ് ചെയ്തു. മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് വാടകയ്‌ക്കെടുത്ത ബസിന്റെ ഡ്രൈവറുടെ ലൈസന്‍സാണ് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ താല്‍ക്കാലികമായി റദ്ദ് ചെയ്തത്. മാത്രമല്ല, ഡ്രൈവര്‍ക്ക് ഐഡിടിആര്‍ പരിശീലനവും നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങളുടെ ഉടമസ്ഥരെ വിളിച്ചുവരുത്തി വാഹനം ഓടിച്ചിരുന്നവരെ ഹാജരാക്കാന്‍ നിര്‍ദേശവും നല്‍കി. ഈ വാഹനങ്ങള്‍ ഓടിച്ചവരുടെ ലൈസന്‍സിലും നടപടിയുണ്ടാവും.

മൂവാറ്റുപുഴയിലെ ഇലാഹിയ എന്‍ജിനീയറിങ് കോളജിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ബസിന്റെ ചവിട്ടുപടിയിലും ജനലുകളിലും ഇരുന്നും നിന്നുമൊക്കെ യാത്ര ചെയ്തുള്ള ഘോഷയാത്ര സംഘടിപ്പിച്ചത്. ബസിന്റെ മുന്നിലും പിന്നിലുമായി ഉണ്ടായിരുന്ന സ്വകാര്യ വാഹനങ്ങളിലും സമാനരീതിയിലായിരുന്നു വിദ്യാര്‍ഥികളുടെ യാത്ര. ഇത് സമൂഹമാധ്യമങ്ങളിലും മറ്റും വൈറലായതോടെ ഗതാഗത നിയമങ്ങളുടെ ലംഘനമാണ് നടന്നതെന്ന പരാതികള്‍ ഉയര്‍ന്നിരുന്നു.

കോളജ് സ്ഥിതി ചെയ്യുന്ന മുളവൂരിലേക്ക് അമ്പലംപടിയില്‍ നിന്നായിരുന്നു ഓണം ഘോഷയാത്ര. എറണാകുളം ആര്‍ടിഒ (എന്‍ഫോഴ്‌സ്‌മെന്റ്) നടത്തിയ അന്വേഷണത്തില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയുമായിരുന്നു.

Related Articles

Back to top button