ഭാവിയിൽ പ്രശ്നങ്ങളില്ലാതിരിക്കാൻ ദര്‍ശിത പൂജാരിക്ക് രണ്ടുലക്ഷം നൽകി.. പണം കണ്ടെത്തി.. കൂടുതൽ വിവരങ്ങൾ…

ഡിറ്റനേറ്റർ പൊട്ടിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട ദർശിത (22) സ്വന്തം വീടിന് സമീപത്തെ പൂജാരിക്ക് രണ്ടുലക്ഷം രൂപ നൽകിയതായി അന്വേഷണസംഘം കണ്ടെത്തി. കർണാടക ഹുൻസൂരിലെ പൂജാരിയുടെ വീട്ടിൽ നിന്ന് ഈ പണം അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ഭാവിയിൽ പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കാൻ വീട്ടിൽ പൂജ നടത്താനാണ് രണ്ടുലക്ഷം രൂപ പൂജാരിക്ക് നൽകിയത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സുഭാഷിന്റെ ഭാര്യ ദർശിത കല്യാട്ടെ ഭർതൃവീട്ടിൽനിന്ന് രണ്ടരവയസ്സുള്ള മകൾക്കൊപ്പം ഹുൻസൂരിലെ സ്വന്തം വീട്ടിലേക്ക് പോയത്. അന്നുതന്നെ കല്യാട്ടെ വീട്ടിൽനിന്ന് 30 പവനും നാലുലക്ഷം രൂപയും മോഷണം പോയിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ സ്വന്തം വീട്ടിലെത്തിയ ദർശിത ശനിയാഴ്ച രാവിലെയാണ് വീടിന് സമീപത്തെ ക്ഷേത്രത്തിലെ പൂജാരി ജനാർദനയെ കണ്ട് രണ്ടുലക്ഷം രൂപ ഏൽപ്പിച്ചത്.
യുവതിയിൽ നിന്ന് പണം കൈപ്പറ്റിയെന്ന് അന്വേഷണ സംഘത്തോട് ജനാർദന സമ്മതിച്ചിട്ടുണ്ട്. കവർച്ചയും കൊലപാതകവുമായി ജനാർദനയ്ക്ക് ബന്ധമില്ലെന്നാണ് ലഭിക്കുന്ന സൂചന.