ശേഷിയിലധികം ആളുകളെ കുത്തി നിറച്ചു; അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി 49 പേർക്ക് ദാരുണാന്ത്യം; നൂറിലധികം പേരെ കാണാതായി
അഭയാർത്ഥികളുമായി പോയ ബോട്ട് മുങ്ങി 49 പേർക്ക് ദാരുണാന്ത്യം. വടക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ മോറിത്താനിയൻ തീരത്താണ് അപകടം നടന്നത്. അഭയാർഥികൾ സഞ്ചരിച്ച ബോട്ടാണ് മുങ്ങിയത്. നൂറിലധികം പേരെ കാണാതായതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ട്. കാണാതായവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.
ഗാംബിയ, സെനഗാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ള 160ലധികം അഭയാർഥികളുമായി ചൊവ്വാഴ്ച പുറപ്പെട്ട ബോട്ടാണ് അപകടത്തിൽപെട്ടത്. 17 പേരെ മാത്രമാണ് ഇതിനകം രക്ഷപ്പെടുത്താൻ കഴിഞ്ഞത്. മോറിത്താനിയൻ തീരത്തുനിന്ന് 85 കിലോമീറ്റർ അകലെവെച്ചാണ് അപകടമുണ്ടായത്. ശേഷിയിലധികം ആളുകളെ കുത്തിനിറച്ചതാണ് ബോട്ട് മുങ്ങാൻ കാരണമെന്ന് അധികൃതർ പറഞ്ഞു.