തകർന്നടിഞ്ഞ് രൂപ, പ്രവാസികൾക്ക് നേട്ടം.. വിദേശ വിദ്യാർത്ഥികൾക്ക് വൻ നഷ്ടം…

ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകർച്ചയിൽ. ഡോളറിനെതിരെ രൂപയുടെ മൂല്യം 88.29 ആയി. അമേരിക്ക ഇന്ത്യയ്ക്കുമേൽ ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവയെത്തുടർന്ന് വിപണിയിൽ രൂപപ്പെട്ട ആശങ്കകളാണ് മൂല്യത്തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. എണ്ണ കമ്പനികളിൽ നിന്ന് ഡോളറിന് ഡിമാൻഡ് കൂടിയതും മൂല്യം ഇടിയാൻ കാരണമായി. ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപം കൊഴിയുന്നതും രൂപയുടെ മൂല്യം ഇടിയാൻ കാരണമായി. ട്രംപിന്റെ തീരുവ രാജ്യാന്തര വ്യാപാര രംഗത്ത് ഇന്ത്യയ്ക്ക് കോട്ടംതട്ടുമെന്ന വിലയിരുത്തൽ ശക്തമാണ്. ചൈനീസ് യുവാന് രൂപയ്ക്കുമേൽ കൂടുതൽ കരുത്ത് പ്രാപിച്ചു. യുവാനെതിരെയും രൂപയുടെ മൂല്യം ഇന്ന് 12.33 എന്ന റെക്കോർഡ് താഴ്ചയിലാണുള്ളത്. രൂപയുടെ തകർച്ച മൂലം ക്രൂഡ് ഓയിൽ, സ്വർണം, ഇലക്ട്രോണിക്സ്, അസംസ്കൃതവസ്തുക്കൾ തുടങ്ങി ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കെല്ലാം കൂടുതൽ വില നൽകേണ്ടി വരും.

രാജ്യത്തെ അവശ്യ വസ്തുക്കൾക്ക് വില കൂടാനും രൂപയുടെ തകർച്ച കാരണമാകും. വിദേശത്ത് പഠിക്കുന്നവർ, വിദേശയാത്ര ചെയ്യുന്നവർ എന്നിവരും ഇനി യാത്രകൾക്കും ചെലവിനും കൂടുതൽ പണം കണ്ടെത്തേണ്ടി വരും. അതേസമയം പ്രവാസികൾക്ക് രൂപയുടെ തളർച്ച വലിയ നേട്ടമാണ്. നാട്ടിലേക്ക് കൂടുതൽ പണം അയ്ക്കാനാകുമെന്നാണ് പ്രവാസികളുടെ നേട്ടം.

Related Articles

Back to top button