ശക്തമായ മഴ; കക്കി ആനത്തോട് ഡാമിൻ്റെ ഷട്ടറുകൾ തുറക്കും, ജാഗ്രതാ നിർദേശം
മഴ വീണ്ടും ശക്തമായതോടെ കക്കി – ആനത്തോട് ഡാമില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. കാലാവസ്ഥ പ്രവചനം അനുസരിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുവാന്‍ സാധ്യതയുള്ളതിനാല്‍ 4 ഷട്ടറുകളും ഘട്ടംഘട്ടമായി 30 സെന്റീ മീറ്റര്‍ മുതല്‍ പരമാവധി 60 സെന്റീ മീറ്റര്‍ ഉയര്‍ത്തി 50 ക്യുമെക്സ് മുതല്‍ 100 ക്യുമെക്സ് വരെ എന്ന തോതില്‍ അധികജലം പമ്പാ നദിയിയേക്ക് ഒഴുക്കി വിട്ട് ഡാമിലെ ജലനിരപ്പ് റൂള്‍ ലെവലില്‍ ക്രമപ്പെടുത്തും. ഡാമില്‍ നിന്ന് ഉയര്‍ന്ന തോതില്‍ ജലം പുറത്തേക്ക് ഒഴുകുന്നതിനാല്‍ കക്കാട്ടാറിന്റെയും പമ്പയാറിന്റെയും ഇരുകരകളില്‍ ഉള്ളവരും പൊതുജനങ്ങളും ജാഗ്രത പാലിക്കേണ്ടതും ഏത് സാഹചര്യത്തിലും നദിയില്‍ ഇറങ്ങുന്നത് ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്ന് (29/08/2025) ശക്തമായ മഴയ്ക്കാണ് സാധ്യത. കണ്ണൂരും കാസര്‍കോടും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിലും കോഴിക്കോടും യെല്ലോ അലര്‍ട്ടാണ്. തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചന പ്രകാരം തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ കുറഞ്ഞേക്കും. കണ്ണൂരും കാസര്‍കോടും ശനിയാഴ്ച യെല്ലോ അലര്‍ട്ടുണ്ട്. മറ്റിടങ്ങളിലെവിടെയും മഴ മുന്നറിയിപ്പില്ല.