സിപിഎമ്മിനോട് പ്രതികാരം ചെയ്യാൻ കലാ രാജു..

അവിശ്വാസ പ്രമേയത്തിലൂടെ എൽ ഡി എഫിന് ഭരണം നഷ്ടമായ കൂത്താട്ടുകുളം നഗരസഭയിൽ ഇന്ന് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കും. സി പി എം അംഗമായി വിജയിച്ച ശേഷം കോൺഗ്രസ് പക്ഷത്തേക്ക് കൂറുമാറിയ വിമത കലാ രാജുവാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് യു ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ഏറെനാളായി സി പി എമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാടുന്നത്. അതുകൊണ്ടുതന്നെ കലാ രാജുവിന്‍റെ പ്രതികാരം വിജയിക്കുമോയെന്നറിയാനായി ഏവരും ഉറ്റുനോക്കുകയാണ്. അവിശ്വാസ പ്രമേയത്തിൽ യുഡിഎഫിന് ഒപ്പം നിന്ന സ്വതന്ത്ര കൗൺസിലർ പി. ജി. സുനിൽകുമാറിനെയാണ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസി പ്രസിൻ്റഉൾപ്പെടെയുളളവർ പങ്കെടുത്ത പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇരുവരെയും മത്സരിപ്പിക്കാൻ തീരുമാനിച്ചത്.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേയാണ് നഗരസഭയിൽ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം അഞ്ചാം തിയതി നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയിൽ എൽ ഡി എഫിന് ഭരണം നഷ്ടമായത്. എൽ ഡി എഫ് ഭരണ സമിതിക്കെതിരെ യു ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. അന്ന് സി പി എം വിമതയായിരുന്ന കല രാജു യു ഡി എഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സി പി എം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങൾക്കൊടിവിലായിരുന്നു ഇത്.

കലാ രാജുവും സി പി എം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ 2025 ജനുവരി 18 നാണ് പരസ്യമായ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യു ഡി എഫ് അവിശ്വാസ പ്രമേയം കൊണ്ടുന്നതും കൗൺസിലർ കലാ രാജുവിനെ നടുറോഡിൽ നിന്ന് സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു. യു ഡി എഫിന് അനുകൂലമായി വോട്ട് ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ അറ്റകൈ പ്രയോഗം നടത്തിയത്. പൊലീസ് സംരക്ഷണ ഉത്തരവ് നിലനിൽക്കെയായിരുന്നു ആ തട്ടിക്കൊണ്ടുപോകൽ. പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർന്ന സംഭവത്തിൽ പിന്നീട് കലാ രാജുവും സി പി എം നേതൃത്വവും പരസ്യമായി ഏറ്റുമുട്ടുന്നതിനാണ് കൂത്താട്ടുകുളം സാക്ഷ്യം വഹിച്ചത്.

Related Articles

Back to top button