‘അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു; അയ്യപ്പ സംഗമത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വിശ്വാസികളെ അപമാനിക്കല്‍’

ആഗോള അയ്യപ്പ സംഗമത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത് വിശ്വാസികളെ അപമാനിക്കലാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. ആഗോള അയ്യപ്പസംഗമം വിശ്വാസികളുടെ ഒരുമയെ വിളിച്ചോതുന്ന പരിപാടിയാണ്. ‘തത്വമസി’ എന്ന ദര്‍ശനത്തിന്റെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട്, ആഗോള അയ്യപ്പ സംഗമത്തെ പിന്തുണച്ചുകൊണ്ട് വിശ്വാസ സമൂഹം മുന്നോട്ടു പോകുമ്പോള്‍, രാജീവ് ചന്ദ്രശേഖറിന്റെ വിമര്‍ശനങ്ങള്‍ രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെയുള്ളവയാണെന്ന് വ്യക്തമാണെന്നും ശിവന്‍കുട്ടി പറഞ്ഞു.

‘രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവനകള്‍ അദ്ദേഹത്തിന്റെ അറിവില്ലായ്മയെയും, കേരളത്തിലെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളെക്കുറിച്ചുള്ള അജ്ഞതയെയും തുറന്നുകാട്ടുന്നു. കേരളത്തിന്റെ ആത്മീയതയും ഭക്തിയും ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല. അത് സകല ജനങ്ങളുടെയും പൊതുസ്വത്താണ്. ഈ യാഥാര്‍ഥ്യം മനസ്സിലാക്കാതെ, അയ്യപ്പസംഗമത്തെ ഒരു രാഷ്ട്രീയ നാടകമായി ചിത്രീകരിക്കുന്നത് വിശ്വാസി സമൂഹത്തോടുള്ള അവഹേളനമാണ്.

മുഖ്യമന്ത്രിക്ക് കേരളത്തെക്കുറിച്ചോ സാധാരണക്കാരായ ജനങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്ന രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നു. പിണറായി വിജയന്‍ വര്‍ഷങ്ങളായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയും, അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരങ്ങള്‍ കാണുകയും ചെയ്യുന്ന നേതാവാണ്. കേരളത്തെ പറ്റി ഒരു ചുക്കും അറിയാത്ത രാജീവ് ചന്ദ്രശേഖറിനു മികച്ച ഭരണകര്‍ത്താവ് എന്നതിനാല്‍ തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തില്‍ വന്ന ആദ്യത്തെ മുഖ്യമന്ത്രിയായ പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്ത് യോഗ്യത ആണുള്ളത്?’ ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Back to top button