‘പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞു’..പാലക്കാട് അനാഥമായോ?..
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിച്ച് ഷാഫി പറമ്പിൽ എംപി. പറയാനുള്ളതെല്ലാം ഇന്നലെ പറഞ്ഞുവെന്നും ഇന്ന് പ്രതികരിക്കാനില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. പാലക്കാട് അനാഥമായോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഷാഫി പ്രതികരിച്ചില്ല. മണ്ഡലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എന്ന് വരും എന്ന ചോദ്യവും മാധ്യമപ്രവർത്തകർ ഉന്നയിച്ചുവെങ്കിലും മറുപടി പറയാതിരുന്ന ഷാഫി പറമ്പിൽ താൻ പാലക്കാട് എത്തിയത് അയൽവാസിയുടെ സ്വകാര്യ ആവശ്യത്തിനാണെന്ന് മറുപടി നൽകി. യുവതികളുടെ ലൈംഗിക ആരോപണ പരാതിയിൽ രാഹുലിനെതിരെ കേസെടുത്തിരുന്നു
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിനെതിരെയുള്ള കേസിൽ സൈബര്‍ വിദഗ്ധരെയും ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാനാണ് തീരുമാനം. പരസ്യമായി പ്രതികരിച്ച റിനി ജോര്‍ജ്ജ്, അവന്തിക, ഹണി ഭാസ്കര്‍ എന്നിവരുടെ മൊഴി ആദ്യ ഘട്ടത്തിൽ എടുക്കും. രാഹുലിൽ നിന്നും മോശം അനുഭവം നേരിട്ട സ്ത്രീകള്‍ പരാതി നല്കാൻ തയ്യാറായില്ലെങ്കിൽ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ അന്വേഷണം പോലെ കേസ് അവസാനിപ്പിക്കേണ്ടി വരാനുള്ള സാധ്യതയും ബാക്കിയാകുന്നുണ്ട്. രാഷ്ടീയ കേരളത്തെ പിടിച്ചുലച്ച കേസിൽ ക്രൈംബ്രാഞ്ചും മുന്നോട്ട് പോകുന്നത് അതീവ ഗൗരവത്തോടെയാണ്. ക്രൈംബ്രാഞ്ചിന്റെ ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് നേരിട്ട് മേല്‍നോട്ടം വഹിക്കും. ഇന്നലെ രാത്രി തന്നെ ഡിവൈഎസ്പി സി ബിനുകുമാറിനെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചിരുന്നു. ഡിജിറ്റൽ തെളിവുകള്‍ നിര്‍ണായകമായ കേസിൽ സൈബര്‍ വിദഗ്ധരെ കൂടി പ്രത്യേക സംഘത്തിൽ ഉള്‍പ്പെടുത്താൻ നിര്‍ദേശം നല്‍കിയിട്ടുണ്ട്