ജപ്പാൻ ജ്വരം.. ഒന്ന് മുതൽ 15 വരെ വയസ്സുള്ള കുട്ടികൾക്ക് വാക്സീൻ..
ജപ്പാൻ ജ്വരത്തിനുള്ള വാക്സിനേഷൻ ആരംഭിക്കാൻ ഉത്തരവിട്ട് ആരോഗ്യവകുപ്പ്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജപ്പാൻ ജ്വര കേസുകൾ വർധിക്കുന്നതിനാലാണ് പ്രത്യേക വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. രണ്ട് ഡോസുകളിലായി വാക്സീൻ നൽകും. കഴിഞ്ഞ ഒരു വർഷത്തിനിടക്ക് ഈ രണ്ടു ജില്ലകളിൽ രോഗം വ്യാപനം ക്രമാധീതമായി വർധിച്ചു. 15 വയസുവരെയുള്ള കുട്ടികൾക്കാണ് വാക്സിനേഷൻ നൽകുക. നിലവിൽ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ജപ്പാൻ ജ്വരത്തിനെതിരായ വാക്സിനേഷൻ ഡ്രൈവ് നടക്കുന്നുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദേശം കൂടി പരിഗണിച്ചാണ് വാക്സിനേഷൻ നൽകുന്നത്. മറ്റ് ജില്ലകളിലേക്കും വാക്സീൻ യജ്ഞം നടത്താൻ ആരോഗ്യ വകുപ്പ് ആലോചിക്കുന്നുണ്ട്.
എന്നതാണ് ജപ്പാൻ ജ്വരം?
ജപ്പാൻ, ചൈന, റഷ്യ, തെക്കുകിഴക്കൻ ഏഷ്യാ രാജ്യങ്ങൾ , ഇന്ത്യ, പാകിസ്ഥാൻ ഇവ ഉൾപ്പെടുന്ന തെക്ക് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഒരു രോഗമാണ് ജപ്പാൻ മസ്തിഷ്കജ്വരം. ലോകാരോഗ്യ സംഘടനയുടെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഒരു വർഷം ഏകദേശം പതിനായിരം മുതൽ ഇരുപതിനായിരം ആളുകൾ വരെ ഈ രോഗത്താൽ ബാധിക്കപ്പെടുന്നു. സാധാരണയായി മൺസൂൺ കാലത്തോടനുബന്ധിച്ചാണ് ഈ രോഗം കൂടുതൽ ആളുകളെ ബാധിക്കുന്നത്.
കൊതുകിലൂടെ പകരുന്ന ഒരു വൈറസ് രോഗമാണ് ജപ്പാൻ മസ്തിഷ്കജ്വരം. ഫ്ലാവി വൈറസ് കുടുംബത്തിലെ ഒരിനമാണ് രോഗഹേതുവായ കീടാണു. ഇത് പന്നികളിലും ജലാശയങ്ങളോടു ചേർന്നുജീവിക്കുന്ന പക്ഷികളിലും സാധാരണയായി കാണപ്പെടുന്നു. ഈ ജന്തുക്കളിൽനിന്നും ക്യൂലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ വഴിയാണ് മനുഷ്യരിലേക്കെത്തുന്നത്. ഇത്തരം കൊതുകുകൾ മഴക്കാലത്തു പെരുകുന്നത് ഈ കാലയളവിൽ രോഗസാദ്ധ്യത പതിന്മടങ്ങ് വർദ്ധിപ്പിക്കുന്നു.
രോഗ ലക്ഷണങ്ങൾ
വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നതിനും രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിനുമിടയിൽ അഞ്ചുദിവസം മുതൽ മൂന്ന് ആഴ്ചകൾ വരെ കടന്നുപോയേക്കാം. കുട്ടികളുടെ ആർജ്ജിത പ്രതിരോധശേഷി പൊതുവിൽ കുറവായതിനാൽ അവരെയാണ് രോഗം പെട്ടെന്നു ബാധിക്കുന്നത്. ഏതൊരു വൈറസ് രോഗത്തെയുംപോലെ കടുത്ത പനിയും പേശീവേദനയും തുടക്കത്തിൽ കണ്ടുവരുന്നു. സാധാരണ വൈറസ് രോഗങ്ങളിൽ കാണുന്ന തൊലിപ്പുറമേയുള്ള പാടുകൾ ഈ രോഗത്തിൽ കാണാറില്ല.
തുടർന്ന് ശക്തിയായ തലവേദനയും പ്രകാശത്തിലേക്കു നോക്കുവാൻ ബുദ്ധിമുട്ട്, ഓക്കാനം, ഛർദ്ദിൽ എന്നീ ലക്ഷണങ്ങൾ കണ്ടേക്കാം. എന്നാൽ തുടർന്ന് മസ്തിഷ്ക സംബന്ധമായ ലക്ഷണങ്ങളോ (സ്വഭാവത്തിലെ മാറ്റങ്ങൾ, ചുഴലി, ബോധക്ഷയം) നാഡീസംബന്ധ ലക്ഷണങ്ങളോ (കണ്ണുകളെയോ നാക്കിനെയോ ബാധിക്കുന്ന തളർച്ച, കൈകാലുകളിലെ തളർച്ച, പക്ഷാഘാതം) കണ്ടുതുടങ്ങിയാൽ രോഗം അതിന്റെ ഏറ്റവും ഗുരുതരമായ അവസ്ഥയിലേക്ക് മാറുന്നതായി നാം മനസ്സിലാക്കണം. ഈ അവസ്ഥ തുടർന്നാൽ രോഗിക്കു മരണം പോലും സംഭവിക്കാവുന്നതാണ്.