പ്രാഥമികാഗംത്വത്തിൽ നിന്ന് രാഹുലിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ…

സ്ത്രീകളോടുള്ള മോശം പെരുമാറ്റത്തിന്‍റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള കോൺഗ്രസ് തീരുമാനത്തിൽ പ്രതികരിച്ച് ഷാഫി പറമ്പിൽ എം പി രംഗത്ത്. ശക്തമായ തീരുമാനമാണ് പാർട്ടി എടുത്തതെന്നും ഇത് എല്ലാ കോൺഗ്രസ്‌ പ്രവർത്തകർക്കും നേതാക്കൾക്കും ബാധകമാണെന്നുമാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്‍റ് കൂടിയായ ഷാഫി പറഞ്ഞത്. രാഹുൽ വിഷയത്തിൽ കെ പി സി സി പ്രസിഡന്‍റ് സണ്ണി ജോസഫ് എല്ലാ കാര്യങ്ങളും വ്യക്തമായി പറഞ്ഞുകഴിഞ്ഞെന്നും അതിനു മുകളിൽ ഒന്നും പറയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയുടെ ഐക്യവും ശക്തിയും ഉറപ്പാക്കാൻ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും ഷാഫി ആഹ്വാനം ചെയ്തു.

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ കോൺ​ഗ്രസ് പാർട്ടിയെടുത്ത തീരുമാനം ഐക്യകണ്ഠേനയാണെന്നാണ് നേരത്തെ കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചത്. രാഹുലിനെതിരെയുള്ള ആരോപണങ്ങളെ ​പാർട്ടി ​ഗൗരവകരമായാണ് കാണുന്നത്. ആരോപണങ്ങൾ വന്ന ഘട്ടത്തിൽ തന്നെ പരിശോധിച്ചിരുന്നു. രാഹുൽ യൂത്ത് കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ തുടർന്ന് കോൺ​ഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളുമായി ആശയ വിനിമയം നടത്തിയിരുന്നു. കൂടിയാലോചനകൾക്ക് ശേഷമാണ് രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്. സസ്പെൻഷൻ കോൺഗ്രസ്‌ പാർട്ടി ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ്. കോൺഗ്രസ്‌ നിയമസഭ കക്ഷി സ്ഥാനവും രാഹുലിന് ഉണ്ടാകില്ല എന്നും സണ്ണി ജോസഫ് അറിയിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പാർട്ടിക്ക് ഇതുവരെയും പരാതികൾ ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ രാജി എന്ന ആവശ്യത്തിൽ യുക്തിയില്ലെന്നും കെ പി സി സി പ്രസിഡന്റ് പറഞ്ഞു. സി പി എമ്മിനോ ബി ജെ പിക്കോ ഇത്തരത്തിൽ രാജി ആവശ്യപ്പെടാൻ ധാർമികമായി അവകാശമില്ലെന്നും അങ്ങനെയൊരു കീഴ്‌വഴക്കമില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്ത്രീകളുടെ ആത്മാഭിമാനം കണക്കിലെടുത്തുള്ള തീരുമാനമാണിതെന്നും അദ്ദേഹം പറഞ്ഞു. 6 മാസത്തേക്കാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സ്ഥാനം രാജി വെക്കണമെന്ന ആവശ്യം നേതാക്കള്‍ക്കിടയിൽ ശക്തമായിരുന്നു. ഒടുവിലാണ് രാഹുലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുളള നടപടി പാര്‍ട്ടിയിൽ നിന്നും ഉണ്ടായിരിക്കുന്നത്.

Related Articles

Back to top button