എന്തുകൊണ്ടാണ് ഇരയായ പെണ്‍കുട്ടികള്‍ പരാതിയുമായി പുറത്തുവരാത്തത്…നിങ്ങൾ പാലിക്കുന്ന നിശബ്ദത കുറ്റകരം…കോൺഗ്രസ് നേതാവ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ വ്യാപക ചര്‍ച്ചയായ പശ്ചാത്തലത്തില്‍ നിലപാട് വ്യക്തമാക്കി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. എന്തുകൊണ്ടാണ് ഇരയായ പെണ്‍കുട്ടികള്‍ പരാതിയുമായി പുറത്തുവരാത്തത് എന്നതിനെക്കുറിച്ചും പരാതി ഉന്നയിക്കുന്ന പെണ്‍കുട്ടികളോട് സമൂഹം എങ്ങനെയാണ് പ്രതികരിക്കുന്നത് എന്നതിനെക്കുറിച്ചും താര തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.
ഒരു ദിവസത്തെയോ ഒരാഴ്ച്ചത്തെയോ കുറ്റപ്പെടുത്തലുകള്‍ക്കും കുരിശേറ്റലുകള്‍ക്കും ശേഷം സമൂഹം പുരുഷനെ വെറുതെ വിടുകയും പിന്നീട് ജീവിതകാലം മുഴുവന്‍ ഒരിക്കലും തിരിച്ചുവരാന്‍ പറ്റാത്ത ട്രോമയിലേക്ക് പരാതി ഉന്നയിച്ച സ്ത്രീകളെ തളളിയിടുകയും ചെയ്യുന്ന വൃത്തികെട്ട വ്യവസ്ഥിതിയാണ് അതിക്രമങ്ങളെയും കടന്നുകയറ്റങ്ങളെയും കുറിച്ച് നിശബ്ദരായിരിക്കാന്‍ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് എന്ന് താര ടോജോ അലക്‌സ് പറയുന്നു.
ഈ വ്യവസ്ഥിതി തിരുത്തിയതിനുശേഷം മാത്രമേ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല, എന്തുകൊണ്ട് പേര് പറയുന്നില്ല, എന്തുകൊണ്ട് വിളിച്ചുപറയുന്നില്ല എന്ന ബഹളം വയ്ക്കാന്‍ പാടുളളുവെന്നും പരാതികള്‍ സമൂഹത്തിന് മുന്നില്‍ ഉന്നയിച്ച സകല പെണ്‍കുട്ടികളെയും സ്ലട്ട് ഷെയിം ചെയ്യുകയാണെന്നും അവര്‍ പറഞ്ഞു.