രാഹുൽ മാങ്കൂട്ടത്തിലിൻ്റെ രാജി: എഐസിസി നേതൃത്വം സമ്മർദ്ദത്തിൽ, തീരുമാനം സംസ്ഥാന നേതൃത്വത്തിന്
രാഹുൽ മാങ്കൂട്ടം എം.എൽ.എ സ്ഥാനം രാജിവെക്കണമോ എന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ ഭിന്നാഭിപ്രായം രൂക്ഷമായതോടെ എഐസിസി നേതൃത്വം സമ്മർദ്ദത്തിൽ. രാഹുൽ എം എൽഎ സ്ഥാനം രാജിവയ്ക്കേണ്ടതില്ലെന്നായിരുന്നു നിലപാട്. എന്നാൽ മുഖം രക്ഷിക്കാൻ രാജിയെന്ന പ്രതിപക്ഷനേതാവ് വിഡി സതീശന്റെ നിലപാടിൽ നേതൃത്വം വെട്ടിലായി. അന്തിമ തീരുമാനത്തിനായി എഐസിസി നേതൃത്വം സംസ്ഥാന നേതൃത്വത്തിന് വിട്ടേക്കും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ രാജിവേണമെന്ന നിലപാട് നേതൃത്വത്തെ അറിയിച്ചുവെന്നാണ് വിവരം. ചില എം പിമാരും രാജി അനിവാര്യമാണെന്ന് നേതൃത്വത്തെ ധരിപ്പിച്ചു.
എംഎൽഎ സ്ഥാനം രാജിവെക്കുകയാണെങ്കിൽ പാർട്ടിക്ക് വിവാദങ്ങളെ മറികടന്ന് മുന്നോട്ടു പോകാൻ കഴിയുമെന്നാണ് ഇവരുടെ കണക്കുകൂട്ടൽ. ഇതുവഴി സമാന ആരോപണം നേരിടുന്ന എംഎൽഎമാരെ സംരക്ഷിക്കുന്ന സിപിഎമ്മിനെ രാഷ്ട്രീയമായി നേരിടാം എന്നും പറയുന്നു.
എന്നാൽ, എംഎൽഎ സ്ഥാനം രാജിവെക്കുന്നത് പോലുള്ള കടുത്ത തീരുമാനം തിരക്കിട്ട് എടുക്കരുതെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. കാത്തിരുന്ന കാണാമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ നിലപാട്. വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് വരുമോയെന്ന ആശങ്കയും രാജിയെ എതിര്‍ക്കുന്നവര്‍ക്കുണ്ട്. ബിജെപി ഇടപെടലോടെ അതിവേഗം ഉപതെരഞ്ഞെടുപ്പ് നടത്താനും സാധ്യതയുണ്ടെന്നും നേതാക്കള്‍ വിലയിരുത്തുന്നു. എന്നാൽ, ഹൈക്കമാന്‍ഡിന്‍റെ തീരുമാനം കൂടി അറിഞ്ഞശേഷം മാത്രമേ വിഷയത്തിൽ ഒരു അന്തിമ തീരുമാനം എടുക്കുകയുള്ളു.