രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണം.. സമാനതകളില്ലാത്ത പ്രതിസന്ധിയിൽ കോൺഗ്രസ്.. കലാപം….
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തിൽ പ്രതിരോധത്തിലായി കോൺഗ്രസ്. സമാനതകളില്ലാത്ത പ്രതിസന്ധിയെ നേരിടാൻ വഴികൾ ആലോചിക്കുകയാണ് നേതൃത്വം. അതേസമയം പുതിയ അധ്യക്ഷനെ ചൊല്ലി യൂത്ത് കോൺഗ്രസിലും കലാപമാണ്. സംഘടനാ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാത്തയാൾ അധ്യക്ഷനായി വന്നാൽ കടുത്ത നടപടിയെന്നാണ് അബിൻ വർക്കിയുടെ മുന്നറിയിപ്പ്.
സമീപകാലത്തെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് രാഹുൽ മാങ്കൂട്ടത്തിലിലൂടെ കോൺഗ്രസ് നേരിടുന്നത്. സാങ്കേതികത്വങ്ങൾ പറഞ്ഞു പോലും പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് നേതൃത്വത്തിനും ഉറപ്പായി. എം.എൽ.എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യം ശക്തമാക്കി. രാഹുൽ ഉൾപ്പെടുന്ന ടീമിനെ നയിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.രാജി ആലോചിച്ചിട്ടില്ല എന്ന് പരസ്യമായി പറയുമ്പോഴും കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫും ന്യായീകരണത്തിന് മുതിർന്നില്ല. രാഹുലിനെ ഇപ്പോഴും ചേർത്തുപിടിക്കുന്ന ഒരേയൊരു കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലാണ്. രാഹുൽ മാങ്കുട്ടത്തിലിന്റെ രാജിയല്ലാതെ ഈ പ്രതിസന്ധിയെ മറികടക്കാൻ കോൺഗ്രസിന് തൽക്കാലം നിവൃത്തിയില്ല എന്നാണ് സൂചന.