ധര്‍മ്മസ്ഥലയില്‍ വന്‍ ട്വിസ്റ്റ്.. വെളിപ്പെടുത്തല്‍ നടത്തിയ മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ..

ധ‌ർമ്മസ്ഥല കേസിൽ വന്‍ ട്വിസ്റ്റ്. വെളിപ്പെടുത്തൽ നടത്തിയ ക്ഷേത്രം മുൻ ശുചീകരണ തൊഴിലാളി അറസ്റ്റിൽ. വ്യാജ വെളിപ്പെടുത്തൽ നടത്തിയ ആളുടെ പേര് പുറത്തുവിട്ടു. സി എൻ ചിന്നയ്യ ആണ് ധർമസ്ഥലയിലെ അജ്ഞാതനായ പരാതിക്കാരൻ. ഇയാൾക്കുള്ള എവിഡൻസ് പ്രൊട്ടക്ഷൻ സംരക്ഷണം പിൻവലിച്ചു. വ്യാജ പരാതി നൽകൽ, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് പുലരും വരെ ചോദ്യം ചെയ്ത ശേഷമാണ് നടപടി. ബെൽത്തങ്കടി എസ്ഐടി ഓഫീസിലാണ് ഇയാൾ നിലവിൽ ഉള്ളത്.

അതിനിടെ, മകളെ ധര്‍മസ്ഥലയില്‍ കാണാതായെന്ന് പൊലീസിൽ പരാതി നൽകിയ സുജാത ഭട്ടാണ് പുതിയ വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയത്.  മകളെ കാണാന്നില്ലെന്ന് പറഞ്ഞത് ഭീഷണിക്ക് വഴങ്ങിയാണെന്നാണ് സുജാത ഭട്ടിന്‍റെ പുതിയ വെളിപ്പെടുത്തല്‍. തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയിൽ മകളെ കാണാനില്ലെന്ന് പരാതി നൽകിയതെന്നും അവർ പറഞ്ഞു. സുജാത ഭട്ടിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി ആവശ്യപ്പെട്ടിരിക്കെയാണ് പുതിയ വെളിപ്പെടുത്തൽ. അതേസമയം, ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സുജാത ഭട്ട് എസ്ഐടി സംഘത്തെ അറിയിച്ചു. സുഖമില്ലാത്തതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്നാണ് സുജാത ഭട്ട് അറിയിച്ചിരിക്കുന്നത്.

Related Articles

Back to top button