സ്ത്രീകളെ ഉപദ്രവിക്കുന്ന ആരെയും കോണ്ഗ്രസ് വെച്ചുപൊറുപ്പിക്കില്ല; രാഹുലിനെതിരെ…
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും അതുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരാളെയും കോണ്ഗ്രസ് വെച്ചുപൊറുപ്പിക്കില്ല. ഇപ്പോഴത്തെ ആരോപണങ്ങളെക്കുറിച്ച് അറിയില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.വനിതകൾക്കെതിരെ ആര് അതിക്രമം നടത്തിയാലും കോൺഗ്രസ് സംരക്ഷിക്കില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തെക്കുറിച്ച് തനിക്ക് അറിയില്ല. അതേക്കുറിച്ച് പ്രതികരിക്കാൻ താൻ ആളല്ല. ഡിസിസിക്ക് ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്നും എ തങ്കപ്പൻ പറഞ്ഞു.ർ
അതേസമയം, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്നാണ് റിപ്പോര്ട്ട്. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിൻ വർക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎൽഎ സ്ഥാനത്ത് തൽക്കാലം തുടരും. യൂത്ത് കോണ്ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാൻ ഹൈക്കമാൻ്റാണ് നിർദ്ദേശിച്ചത്. അതേസമയം, രാഹുലിനെതിരെ ഉയർന്ന ആരോപണങ്ങളിൽ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
രാഹുൽ വ്യക്തത വരുത്തണമെന്ന് യൂത്ത് കോൺഗ്രസ്സിൽ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്സ് ആപ് ഗ്രൂപ്പിലാണ് ചർച്ച നടക്കുന്നത്. വിഷയത്തിൽ രാഹുൽ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കിൽ രാഹുൽ വിശദീകരിക്കണമെന്നും കൂടുതൽ നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ, വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോൺഗ്രസ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇന്നലെ തുടങ്ങിയ ചർച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി സ്നേഹയാണ്. സ്നേഹയുടെ വിമർശനത്തെ പിന്തുണച്ചു ജനറൽ സെക്രട്ടറി വിപി ദുൽഖിഫിൽ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മൻ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനിൽ പന്തളം രാജി ആവശ്യപ്പെട്ടു.