തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ കുഞ്ഞിന് രക്ഷകനായി പിതാവ്.. തുണയായത് സിവിൽ ഡിഫൻസ് പരിശീലനം…
ഭക്ഷണം തൊണ്ടയിൽ കുടുങ്ങി ശ്വാസം നിലച്ച പിഞ്ചുകുഞ്ഞിന് സിവിൽ ഡിഫൻസ് അംഗമായ പിതാവിന്റെ സമയോചിതമായ ഇടപെടലിലൂടെ ജീവൻ തിരികെ ലഭിച്ചു. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. അമ്മിനിക്കാട് സ്വദേശിയും സിവിൽ ഡിഫൻസ് അംഗവുമായ ഷെഫീഖ് ആണ് സ്വന്തം കുഞ്ഞിന് രക്ഷകനായത്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭക്ഷണം കഴിക്കുന്നതിനിടെയാണ് കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയത്. കുഞ്ഞ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ട ഷെഫീഖ് ഉടൻ തന്നെ തനിക്ക് ലഭിച്ച പ്രഥമശുശ്രൂഷാ പരിശീലനം ഉപയോഗിച്ച് കുഞ്ഞിനെ പരിചരിച്ചു. കുഞ്ഞിനെ കമഴ്ത്തിക്കിടത്തി പുറത്ത് തട്ടിക്കൊടുത്തപ്പോൾ ഭക്ഷണം പുറത്തേക്ക് പോവുകയും കുഞ്ഞ് സാധാരണ നിലയിൽ ശ്വാസമെടുക്കാൻ തുടങ്ങുകയും ചെയ്തു.
ഷെഫീഖിന്റെ വീട്ടിലെ സിസിടിവി ക്യാമറയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും, സിവിൽ ഡിഫൻസ് പരിശീലനത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. തന്റെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, ഇത്തരം പ്രഥമശുശ്രൂഷാ പരിശീലനങ്ങൾ എല്ലാവർക്കും അത്യാവശ്യമാണെന്നും ഷെഫീഖ് പറഞ്ഞു.