വിമാനത്തിലെ ശുചിമുറിയുടെ വാതില്‍ ബലമായി തുറന്നു.. സഹപൈലറ്റിനെതിരെ…
ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്തപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് മുംബൈ സ്വദേശിനി. സേഫ്ഗോള്‍ഡ് സഹസ്ഥാപക റിയ ചാറ്റര്‍ജിയാണ് തനിക്കുണ്ടായ ദുരനുഭവം ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ചത്. ശുചിമുറി ഉപയോഗിക്കുന്നതിനിടെ കോ-പൈലറ്റ് ബലംപ്രയോഗിച്ച് വാതില്‍ തുറന്നുവെന്നാണ് റിയയുടെ ആരോപണം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുന്‍പായിരുന്നു സംഭവം.
ആദ്യം ശുചിമുറി പൂട്ടിയപ്പോള്‍ ആരോ വാതിലില്‍ മുട്ടിയെന്ന് റിയ പറയുന്നു. അതിനോട് പ്രതികരിച്ചെങ്കിലും വീണ്ടും വാതിലില്‍ ആരോ മുട്ടി. ഇതിനിടെ ബലംപ്രയോഗിച്ച് വിമാനത്തിലെ കോ-പൈലറ്റ് വാതില്‍ തള്ളിത്തുറന്നെന്നാണ് പരാതി. തന്നെ കണ്ടതോടെ കോ-പൈലറ്റ് വാതില്‍ അടച്ചുവെന്നും അവര്‍ പറയുന്നു.
ഒരേസമയം തനിക്ക് ഞെട്ടലും അപമാനവുമുണ്ടായതായി റിയ പറഞ്ഞു. വിമാനത്തിലെ വനിതാ ജീവനക്കാര്‍ സംഭവത്തെ നിസാരവത്കരിക്കാനാണ് ശ്രമിച്ചത്. അവര്‍ താന്‍ നേരിട്ട അനുഭവത്തില്‍ ക്ഷമാപണം നടത്തി. തനിക്ക് അവിടെനിന്ന് ഓടി രക്ഷപ്പെടാനാണ് തോന്നിയതെന്നും എന്നാല്‍ തുടര്‍ന്നും സീറ്റില്‍ ഒന്നരമണിക്കൂര്‍ തനിക്ക് തുടരേണ്ടിവന്നെന്നും റിയ ചൂണ്ടിക്കാട്ടി.


