വിവാഹ ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യവെ നവദമ്പതികളെ വഴിയിൽ തടഞ്ഞുനിർത്തി.. കാർ തല്ലിത്തകർത്തു..

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിൽ വിവാഹ ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്ന നവദമ്പതികളെ ഒരു സംഘം യുവാക്കൾ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിച്ചു. കാറിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ മൂന്നുപേർ ഉൾപ്പെടെ നാല് പ്രതികളെ കീഴ്വായ്പ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഓഗസ്റ്റ് 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വിവാഹം കഴിഞ്ഞ ശേഷം കോട്ടയം കുറിച്ചി സ്വദേശിനിയായ ദീപ്തിമോളും ഭർത്താവ് മുകേഷ് മോഹനും ഫോട്ടോഷൂട്ടിനായി കാറിൽ യാത്ര ചെയ്യുകയായിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ പിന്നാലെയുണ്ടായിരുന്ന അഭിജിത്ത് അജി എന്നയാളുടെ ബൈക്കിന് കടന്നുപോകാൻ വഴി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു ആക്രമണം. തുടർന്ന് അഭിജിത്ത് തന്റെ സഹോദരങ്ങളായ അഖിൽജിത്ത് അജി, അമൽജിത്ത് അജി, സുഹൃത്ത് മയൂഖ് നാഥ് എന്നിവരെ വിളിച്ചുവരുത്തി.
നവദമ്പതികൾ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി അഭിജിത്ത് വരനെയും വധുവിനെയും മർദ്ദിച്ചു. മറ്റ് പ്രതികൾ ചേർന്ന് കാറിന്റെ പിന്നിലെ ഗ്ലാസ് അടിച്ചുപൊട്ടിക്കുകയും ഡോറുകൾ തകർക്കുകയും ചെയ്തു. ഈ സമയത്ത് കാറിൽ ഫോട്ടോഗ്രാഫർമാരും ഉണ്ടായിരുന്നു.
ഈ ആക്രമണത്തിന് പിന്നിൽ മുൻ വൈരാഗ്യമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. ഒരു വർഷം മുമ്പ് പ്രതിയായ അഭിജിത്തിന്റെ വിവാഹദിവസം മുകേഷിന്റെ സുഹൃത്തുക്കളുമായി ഇവർക്ക് അടിപിടിയുണ്ടായിരുന്നു. അതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് സൂചന.
അറസ്റ്റിലായ പ്രതികളിൽ അഖിൽജിത്തും അമൽജിത്തും കഴിഞ്ഞ വർഷം കീഴ്വായ്പ്പൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മറ്റൊരു ദേഹോപദ്രവക്കേസിലെ പ്രതികളാണ്. ഇരുമ്പ് കമ്പിയും മരവടിയും ഉപയോഗിച്ച് ഒരാളെ ആക്രമിച്ച കേസാണിത്. പോലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ്, എസ്.ഐ. കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നുവരുന്നത്.