സ്കൂളിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.. ജനൽ ചില്ലുകളും സ്റ്റോർ റൂമിന്‍റെ ഭിത്തിയും തകർത്തു.. അരി ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും അകത്താക്കി…
മൂന്നാറിൽ കാട്ടാനക്കൂട്ടം സ്കൂൾ തകർത്തു. കന്നിമല ഈസ്റ്റ് ഡിവിഷനിൽ പ്രവർത്തിക്കുന്ന എൽ.പി സ്കൂളിന് നേരെയാണ് കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം. സ്കൂളിന്റെ ജനൽ ചില്ലുകൾ തകർത്തു. തുടർന്ന് സ്റ്റോർ റൂമിന്‍റെ ഭിത്തി തകർക്കുകയും കുട്ടികളുടെ ഉച്ചഭക്ഷണത്തിനായുള്ള അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ അകത്താക്കുകയും ചെയതു. മൂന്ന് ആനകളാണ് പ്രദേശത്ത് നാശം വിതച്ചത്. 15 ദിവസത്തേക്ക് കരുതിയിരുന്ന ഭക്ഷ്യസാധനങ്ങളാണ് കാട്ടാനകൾ പൂർണമായും നശിപ്പിച്ചത്.
പ്രഥമാധ്യാപകന്‍റെ ക്വാർട്ടേഴ്‌സിനും കേടുപാടുവരുത്തി. മൂന്നാറിൽനിന്ന് ആർ.ആർ.ടി സംഘമെത്തി പരിശോധന നടത്തി. മുമ്പും സ്കൂളിനു നേരെ കാട്ടാന ആക്രമണം നടന്നിരുന്നു. പടയപ്പയെന്ന കാട്ടാനയും ശല്യം തുടരുന്നുണ്ട്. ചെണ്ടുവര ഈസ്റ്റ് ഡിവിഷനിലാണ് പടയപ്പ ഇറങ്ങിയത്.


