പലവട്ടം ഓട്ടോയിൽ യാത്ര ചെയ്തു, പണം കൊടുത്തില്ല.. ചോദിച്ചപ്പോൾ കിട്ടിയത്..

ഓട്ടോയിൽ യാത്ര ചെയ്‌ത വകയിൽ ലഭിക്കേണ്ട പണം ചോദിച്ചതിന് ഓട്ടോ ഡ്രൈവർക്ക് മർദനം. ഓട്ടോ ഡ്രൈവറായ പാപ്പിനിവട്ടം ചിറയിൽ സ്വദേശി താഴിശ്ശേരി വീട്ടിൽ സുരേഷ് കുമാറി(52) ന് മർദനമേറ്റ് പരിക്കേറ്റു. സംഭവത്തിൽ മതിലകം പാപ്പിനിവട്ടം സ്വദേശി അടിപറമ്പിൽ വീട്ടിൽ കലേഷ് (46) പൊലീസ് പിടിയിലായി. പല തവണയായി ഓട്ടോ റിക്ഷയിൽ യാത്ര ചെയ്‌ത വകയിൽ കൊടുക്കേണ്ട പണം കലേഷ് കൊടുത്തിരുന്നില്ല. ഇത് ചോദിച്ചതിലുള്ള വൈരാഗ്യത്തിലാണ് കലേഷ് തന്നെ മർദിച്ചതെന്ന് സുരേഷ് കുമാർ പൊലീസിൽ പരാതിപ്പെട്ടു

വാടകയിനത്തിൽ കിട്ടേണ്ട പണം ചോദിച്ച് സുരേഷ് കുമാർ പ്രതിയുടെ വീട്ടിൽ ചെന്നിരുന്നു. ഇവിടെ വച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായി. പിന്നാലെ സുരേഷ് കുമാറിനെ കലേഷ് അസഭ്യം പറയുകയും മർദിക്കുകയും ചെയ്തെന്നാണ് പരാതി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് കലേഷ്. ഇയാൾക്കെതിരെ തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, കാട്ടൂർ പൊലീസ് സ്റ്റേഷനുകളിലായി വധശ്രമം, അടിപിടി കേസുകളുണ്ട്. ആറോളം കേസിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

സുരേഷ് കുമാറിൻ്റെ പരാതി അന്വേഷിച്ച പൊലീസ് കലേഷിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മതിലകം സിഐ എം കെ ഷാജി, എസ് ഐ പ്രദീപൻ, എഎസ്ഐമാരായ പ്രജീഷ്, വഹാബ്, വിനയൻ എന്നിവരും സീനിയർ സിപിഒമാരായ ഗോപകുമാർ, ജമാൽ എന്നിവരുമാണ് കേസ് അന്വേഷിച്ച സംഘത്തിൽ ഉണ്ടായിരുന്നത്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

Related Articles

Back to top button