മൂന്നാം ജന്മമെന്ന് അടൂർ പ്രകാശ്.. അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിലെന്ന് കൊടിക്കുന്നിൽ.. ഇനിയും നടുക്കം മാറാതെ നേതാക്കൾ…
തിരുവനന്തപുരം – ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കിയ സംഭവത്തിൽ ഒഴിവായത് വൻ ദുരന്തമെന്ന് എംപിമാർ. ഇത് രണ്ടാം ജന്മമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.പൈലറ്റിന്‍റെ മനസാന്നിധ്യം ആണ് രക്ഷയായതെന്നും എംപി പറഞ്ഞു. തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്നാണ് അടൂർ പ്രകാശ് എംപിയുടെ പ്രതികരണം.വിമാനം റൺവേയിൽ നിന്ന് വീണ്ടും പറന്നു പൊങ്ങിയപ്പോൾ ആശങ്കപ്പെട്ടെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. അഹമ്മദാബാദ് വിമാന ദുരന്തമായിരുന്നു മനസിൽ. സമാന സാഹചര്യം ആണ് ഉണ്ടായത്. സംഭവത്തിൽ അട്ടിമറി നീക്കം സംശയിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്നെ സംബന്ധിച്ച് ഇത് മൂന്നാം ജന്മമാണെന്ന് അടൂർ പ്രകാശ് എംപി പ്രതികരിച്ചു. കോന്നി എംഎൽഎ ആയിരുന്നപ്പോൾ നദിയിൽ വീണ് ഒഴുകി പോയ ശേഷം രക്ഷപ്പെട്ടതാണ് വിമാനത്തിൽ ഇരുന്നപ്പോൾ ഓർത്തതെന്ന് അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം ഈ സംഭവത്തിൽ വേണം. പരാതി നൽകും. എംപിമാരുടേത് മാത്രമല്ല ആ വിമാനത്തിൽ ഇരുന്ന എല്ലാ മനുഷ്യരുടെയും ജീവൻ വിലപ്പെട്ടതാണെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു.
ആശങ്കയുടെ മണിക്കൂറുകൾ ആണ് ഇന്നലെ രാത്രി ചെന്നൈ വിമാനത്താവളത്തിൽ ഉണ്ടായത്. അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, കെ രാധാകൃഷ്ണൻ, തിരുനെൽവേലി എംപി റോബർട്ട് ബ്രൂസ് എന്നിവർ കയറിയ വിമാനം ആണ് അടിയന്തര ലാൻഡിംഗ് നടത്തിയത്.ദില്ലിയിലേക്കുള്ള എയർ ഇന്ത്യ വിമാനം അര മണിക്കൂർ വൈകി 7.50ന് ആണ് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. വിമാനത്തിൽ ആകെ 160 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇന്നത്തെ പാർലമെന്‍റ് സമ്മേളനത്തിൽ പങ്കെടുക്കാൻ ആയിരുന്നു അഞ്ച് എംപിമാരുടെ യാത്ര. യാത്ര തുടങ്ങി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിമാനത്തിന് സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്ന് പൈലറ്റ് അനൗൺസ് ചെയ്തു. റഡാർ സംവിധാനത്തിൽ ആയിരുന്നു തകരാർ. ഇതോടെ വിമാനം വഴിതിരിച്ചുവിട്ട് ചെന്നൈയിൽ എത്തിച്ച് ലാൻഡിങ്ങിനുള്ള ശ്രമം തുടങ്ങി.
നിറയെ ഇന്ധനം ഉണ്ടായിരുന്ന വിമാനം അത് കുറയ്ക്കാനായി ഒരു മണിക്കൂർ ആകാശത്ത് വട്ടമിട്ടു പറന്നു. അതിനു ശേഷം ലാൻഡ് ചെയ്യാനുള്ള ശ്രമം തുടങ്ങിയപ്പോൾ മറ്റൊരു പ്രശ്നം ഉണ്ടായതായി എംപിമാർ പറയുന്നു. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം ലാൻഡ് ചെയ്യാൻ കഴിയാത്ത സ്ഥിതിയുണ്ടായി എന്നാണ് ആരോപണം. അവസാന നിമിഷം ലാൻഡിങ് ഒഴിവാക്കി വിമാനം വീണ്ടും പറന്നുയർന്നു. വീണ്ടും അര മണിക്കൂർ പറന്ന ശേഷം ലാൻഡ് ചെയ്തത് രാത്രി 10.37 നാണ്.


