അഭിപ്രായ ഭിന്നത.. കൊച്ചിയിൽ എൽഡിഎഫ് പ്രതിഷേധ സദസ് വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും
സംസ്ഥാന വ്യാപകമായി എൽഡിഎഫ് നടത്തിവരുന്ന ‘ന്യൂനപക്ഷ വേട്ടക്കെതിരെ പ്രതിഷേധ സദസ്’ കൊച്ചി മണ്ഡലത്തിൽ വെവ്വേറെ നടത്തി സിപിഐയും സിപിഎമ്മും. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ടാണ് എൽഡിഎഫ് സംസ്ഥാന വ്യാപകമായി നിയോജക മണ്ഡലം അടിസ്ഥാനത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചത്. കൊച്ചിയിൽ ഇരു പാർട്ടികളും തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയുടെ ഭാഗമായാണ് വെവ്വേറെ പരിപാടി സംഘടിപ്പിച്ചതെന്നാണ് വിവരം. സിപിഎം എൽഡിഎഫ് ബാനറിൽ തോപ്പുംപടി പ്യാരി ജങ്ഷനിൽ പരിപാടി സംഘടിപ്പിച്ചപ്പോൾ സിപിഐ തോപ്പുംപടി കെഎസ്ഇബി ഓഫിസിന് സമീപം പരിപാടി സംഘടിപ്പിച്ചു.
രണ്ട് പരിപാടികളും ഒരേ സമയത്താണ് സംഘടിപ്പിച്ചത്. എൽഡിഎഫ് പരിപാടി സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. പി.എസ് രാജം അധ്യക്ഷത വഹിച്ചു. കെ.ജെ മാക്സി എംഎൽഎ, പി.എ പീറ്റർ, സോണി.കെ ഫ്രാൻസിസ്, കെ.ജെ ബേസിൽ, ജോഷ്വോ, തോമസ് കൊറശേരി, ജോൺസൻ വള്ളനാട്, ടി.എം ഇസ്മയിൽ, ടെൻസിൽ കുറുപ്പശേരി, മിനി മോൾ എന്നിവർ സംസാരിച്ചു.
സിപിഐയുടെ പരിപാടി മണ്ഡലം സെക്രട്ടറി എം.കെ അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. എം.ഉമ്മർ അധ്യക്ഷത വഹിച്ചു. ടി.കെ ഷബീബ്, അഡ്വ.പി.എ അയൂബ് ഖാൻ, പി.കെ ഷിഫാസ്, ഡെപ്യൂട്ടി മേയർ കെ.എ അൻസിയ തുടങ്ങിയവർ സംസാരിച്ചു.