താരിഫിൽ ഉലഞ്ഞ് ഇന്ത്യ-യുഎസ് ബന്ധം.. പിന്നാലെ പാക് സൈനിക മേധാവി വീണ്ടും അമേരിക്കയിലേക്ക്.. ഭീഷണിക്ക് വഴങ്ങാതെ ഇന്ത്യ…
പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ ഈ മാസം വീണ്ടും യുഎസ് സന്ദർശിക്കാനൊരുങ്ങുന്നു. രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അദ്ദേഹം വാഷിംഗ്ടണിലേക്ക് പോകുന്നത്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു.യുഎസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കാനാണ് മുനീർ എത്തുന്നത്. ഭീകരവാദ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാൻ അസാധാരണമായ പങ്കാളിയാണെന്ന് കുറില്ല നേരത്തെ വിശേഷിപ്പിച്ചിരുന്നു.
മിഡിൽ ഈസ്റ്റിലെ യുഎസ് സൈനിക നടപടികൾക്ക് മേൽനോട്ടം വഹിച്ചിരുന്ന 4സ്റ്റാർ ആർമി ജനറലായ കുറില്ല ഈ മാസമാണ് വിരമിക്കുന്നത്. യുഎസ് നൽകിയ ഇന്റലിജൻസ് വിവരങ്ങൾ ഉപയോഗിച്ച് അഞ്ച് ഐഎസ്ഐഎസ്-ഖൊറാസാൻ (ISIS-K) ഭീകരരെ പിടികൂടിയതിന് കുറച്ച് മാസങ്ങൾക്ക് മുൻപ് കുറില്ല പാകിസ്ഥാനെ പ്രശംസിച്ചിരുന്നു.
അതേസമയം ഇരട്ട തീരുവ ചുമത്താനുള്ള അമേരിക്കയുടെ നീക്കങ്ങൾക്കിടയിലും, റഷ്യയുടെ എണ്ണ വാങ്ങുന്നത് ഇന്ത്യ തുടരും. ആവശ്യമായ എല്ലാ നടപടികളും ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കും. അധിക തീരുവ അമേരിക്കയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയെ 40 മുതൽ 50 ശതമാനം വരെ ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.




