ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത്.. സർക്കാർ സ്കൂളിലേക്ക് നടൻ കുഞ്ചാക്കോ ബോബന് ക്ഷണം…
സർക്കാർ സ്കൂളിലെ കുട്ടികൾക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാൻ നടൻ കുഞ്ചാക്കോ ബോബന് ക്ഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് നടനെ ക്ഷണിച്ചിരിക്കുന്നത്
ജയിലുകളിലല്ല, സ്കൂളുകളിലാണ് നല്ല ഭക്ഷണം നൽകേണ്ടത് എന്ന് കുഞ്ചാക്കോ ബോബൻ ഒരു ചടങ്ങിൽ പറഞ്ഞിരുന്നു. തൃക്കാക്കരയിൽ ഉമാ തോമസ് എംഎൽഎയുടെ പ്രഭാതഭക്ഷണ പരിപാടി ഉദ്ഘാടന ചടങ്ങിലായിരുന്നു പരാമർശം. ഇത് ശ്രദ്ധയിൽപ്പെട്ടാണ് വി ശിവൻ കുട്ടി സ്കൂളിലേക്ക് നടനെ ക്ഷണിച്ചത്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി നടനെ സ്കൂളിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സദുദ്ദേശത്തോടെയാണ് നടന്റെ വാക്കുകളെന്നും സ്കൂൾ ഭക്ഷണത്തിന്റെ മെനുവും രുചിയും നടന് സ്കൂളിലെത്തിയാൽ അറിയാമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
സംസ്ഥാനത്തെ സ്കൂളുകളിൽ പുതിയ ഉച്ചഭക്ഷണ മെനു ഈ മാസം ആദ്യം മുതലാണ് നിലവിൽ വന്നത്. ലെമൺ റൈസ്, ടൊമാറ്റോ റൈസ് തുടങ്ങി പുതിയ വിഭവങ്ങൾ ഉൾപ്പെടുന്നതാണ് ഉച്ചഭക്ഷണ മെനു. ആഴ്ചയില്‍ ഒരുദിവസം വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാകും. റൈസുകളോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേര്‍ത്ത ചമ്മന്തിയും വേണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശമുണ്ട്. മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ വ്യത്യസ്തവിഭവങ്ങളോ ഒരുക്കും.