ആൾട്ടോ കാറുമായി ഇടിച്ച് കയറ്റിയെത്തിയത് റെയിൽവേ സ്റ്റേഷനുള്ളിലേക്ക്..ചെന്ന് നിന്നത് പ്ലാ റ്റ്ഫോം ഒന്നിൽ ട്രെയിനടുത്ത് വരെയെത്തി
റെയിൽവേ സ്റ്റേഷനുള്ളിൽ പ്ലാറ്റ്ഫോമിന് അടുത്ത് വരെ കാറോടിച്ച് കയറ്റി മദ്യപൻ. ഉത്തർപ്രദേശിലെ മീററ്റ് കന്റ് റെയിൽവേ സ്റ്റേഷനിൽ മദ്യലഹരിയിലായിരുന്നെന്ന് ആരോപിക്കപ്പെടുന്ന ഒരാൾ കാറോടിച്ച് പ്ലാറ്റ്ഫോം നമ്പർ ഒന്നിലേക്ക് കയറ്റിയത് യാത്രക്കാർക്കിടയിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്
ഒരാൾ ആൾട്ടോ കാറുമായി സ്റ്റേഷനിലെത്തുകയും ട്രെയിൻ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുമ്പോൾ കാർ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചുകയറ്റുകയുമായിരുന്നുവെന്ന് ആളുകൾ പറയുന്നു. ട്രെയിനിന് വളരെ അടുത്തുകൂടി കടന്നുപോയ കാർ നിരവധി ബെഞ്ചുകൾക്ക് കേടുപാടുകൾ വരുത്തി. പ്ലാറ്റ്ഫോമിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി ഓടുന്നത് വീഡിയോയിൽ കാണാം.
ഡ്രൈവറെ സംഭവസ്ഥലത്തുണ്ടായിരുന്ന ആളുകൾ തടയുകയും കാറിൽ നിന്ന് പുറത്തിറക്കി റെയിൽവേ പൊലീസിന് കൈമാറുകയും ചെയ്തു. സംഭവത്തിൽ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. താൻ സൈനികനാണെന്ന് അവകാശപ്പെട്ട പ്രതി സന്ദീപ് എന്നാണ് പേര് പറഞ്ഞത്. ഇയാൾ ബാഗ്പത് സ്വദേശിയാണെന്നും ഇയാൾ ഓടിച്ചിരുന്ന കാറിന് ഝാർഖണ്ഡ് രജിസ്ട്രേഷൻ നമ്പറാണുള്ളതെന്നും റിപ്പോർട്ടുകളുണ്ട്.
സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ, മൊറാദാബാദ് ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ഇയാളെ കസ്റ്റഡിയിലെടുത്തതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും സ്ഥിരീകരിച്ചു. കാർ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്