തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നു..കോടനാട് വയോധികയുടെ കൊലപാതകത്തിൽ അറസ്റ്റിലായത്..
എറണാകുളം കോടനാട് തോട്ടുവയില്‍ വയോധികയെ കൊലപ്പെടുത്തിയത് അയല്‍വാസിയായ യുവാവെന്ന് തെളിഞ്ഞു. 84 വയസുകാരിയായ അന്നമ്മയെ തേങ്ങയെറിഞ്ഞ് വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നെന്നാണ് അയല്‍വാസിയായ 24 കാരന്‍ അദ്വൈതിന്‍റെ കുറ്റസമ്മത മൊഴി. കൊലപാതക ശേഷം ഒളിവില്‍ പോയ അദ്വൈതിനെ കര്‍ണാടകയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് 84 വയസുകാരി അന്നമ്മയെ തോട്ടുവയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ അഭിഭാഷകന്‍റെ പുരയിടം സൂക്ഷിപ്പുകാരിയായിരുന്നു അന്നമ്മ. ആ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയതും. അന്നമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതു കൊണ്ടു തന്നെ കൊലപാതകമെന്ന് ഉറപ്പിച്ചിരുന്നു പൊലീസ്.
തുടര്‍ന്ന് അയല്‍വാസികളെയും ബന്ധുക്കളെയുമെല്ലാം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അന്നമ്മയുടെ മരണത്തിനു പിന്നാലെ നാടുവിട്ടു പോയ അദ്വൈത് ഷിബുവിലേക്ക് പൊലീസ് എത്തിയത്. അന്നമ്മയുടെ അയല്‍വാസിയാണ് അദ്വൈത്. തന്‍റെ അമ്മയെ വഴക്കു പറഞ്ഞതിലുളള വൈരാഗ്യവും തന്‍റെ സാമ്പത്തിക പ്രശ്നങ്ങളുമാണ് അന്നമ്മയെ ആക്രമിക്കാന്‍ കാരണമായതെന്ന് അദ്വൈത് പൊലീസിനോട് പറഞ്ഞു.
അന്നമ്മയെ ദിവസങ്ങള്‍ നിരീക്ഷിച്ച ശേഷമായിരുന്നു ആക്രമണമെന്നാണ് മൊഴി. സംഭവ ദിവസം അന്നമ്മയുടെ പിന്നില്‍ നിന്ന് തേങ്ങ എറിഞ്ഞു വീഴ്ത്തി. നിലത്തു വീണ അന്നമ്മ നിലവിളിച്ചപ്പോള്‍ മൂക്കും വായും പൊത്തി. ഇതോടെ അന്നമ്മ ശ്വാസം മുട്ടി മരിച്ചു. മരണത്തിനു പിന്നാലെ അന്നമ്മയുടെ ആഭരണങ്ങള്‍ ഊരിയെടുത്ത ശേഷം വീട്ടിലേക്ക് പോയി. രാത്രിയോടെ എറണാകുളത്തെത്തി ബംഗലൂരുവിലേക്ക് കടക്കുകയായിരുന്നെന്നും അദ്വൈത് പൊലീസിനോട് പറഞ്ഞു. ബംഗലൂരുവിലെ ബമ്മനഹളളിയില്‍ നിന്നാണ് അദ്വൈതിനെ പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.