പ്രസവിച്ച് മൂന്നാം ദിനം കുഞ്ഞിനെ കാണാൻ നാട്ടിലെത്തി.. സിആർപിഎഫ് ജവാനെ അക്രമിസംഘം വെടിവച്ച് കൊലപ്പെടുത്തി…
സിആർപിഎഫ് ജവാനെ വെടിവച്ച് കൊലപ്പെടുത്തി. 30 കാരനായ ക്രിഷൻ കുമാറാണ് കൊല്ലപ്പെട്ടത്. ജൂലൈ 25 ന് ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ, അവധിയെടുത്ത് നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം. ആക്രമണത്തിന് പിന്നിൽ ശിവ ഭക്തർ എന്നറിയപ്പെടുന്ന കൻവാരിയാസ് ആണെന്ന് കുടുംബം ആരോപിക്കുന്നു.ഹരിയാനയിൽ സോനെപാത് ജില്ലയിലാണ് സംഭവം.
സോനേപാത് ജില്ലയിലെ ഖേരി ധംകൻ ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. ഛത്തീസ്‌ഗഡിൽ സിആർപിഎഫ് സേനാംഗമായി പ്രവർത്തിക്കുന്ന ക്രിഷൻ കുമാർ ഈയടുത്താണ് നാട്ടിൽ മടങ്ങിയെത്തിയത്. ജൂലൈ 25 നാണ് ഭഗത് ഫൂൽ സിങ് മെഡിക്കൽ കോളേജിൽ ക്രിഷൻ കുമാറിൻ്റെ ഭാര്യ ആൺകുഞ്ഞിന് ജന്മം നൽകിയത്.
ഞായറാഴ്ച രാത്രി ജവാൻ്റെ വീട്ടിലെത്തിയ സംഘം ഇദ്ദേഹത്തെ വീടിന് പുറത്തേക്ക് വിളിച്ചുവരുത്തി. ജവാൻ വീടിന് വെളിയിൽ ഇറങ്ങിയതും അക്രമി സംഘം ഇദ്ദേഹത്തെ വെടിവച്ച് വീഴ്ത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇദ്ദേഹത്തിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നിഷാന്ത്, ആനന്ദ്, അജയ് എന്നിവരും നാട്ടുകാരായ ചിലരുമാണ് അക്രമി സംഘത്തിലുണ്ടായിരുന്നതെന്നാണ് ക്രിഷൻ കുമാറിൻ്റെ കുടുംബത്തിൻ്റെ മൊഴി.