ഗ്ലാസ് ലോഡ് ഇറക്കുന്നതിന് കാലതാമസം.. മരടിൽ യുവസംരംഭകരും തൊഴിലാളി യൂണിയനും തമ്മിൽ തർക്കം..
കൊച്ചി മരടിൽ യുവസംരംഭകരുടെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം രൂക്ഷമാകുന്നു. ചുമട്ട് തൊഴിലാളി യൂണിയൻ തങ്ങളുടെ സ്ഥാപനത്തിലേക്കുള്ള ലോഡ് ഇറക്കാൻ അുവദിക്കുന്നില്ലെന്നാണ് ഇന്റീരിയൽ ഡിസൈൻ സ്ഥാപനത്തിന്റെ ഉടമകളായ യുവ സംരംഭകർ ഉന്നയിക്കുന്ന പരാതി. തൊഴിലാളികൾ തങ്ങളെ ഭീഷണിപ്പെടുത്തിയതായും യുവസംരംഭകർ പറയുന്നു. ഇന്റീരിയൽ ഡിസൈൻ സ്ഥാപനത്തിന്റെ വർക്ക് സൈറ്റിലേക്കുള്ള ലോഡ് മൂന്ന് ദിവസമായി ഇറക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
ടഫൻ ഗ്ലാസ് ലോഡ് ആണ് മൂന്ന് ദിവസമായി റോഡിൽ കുടുങ്ങി കിടക്കുന്നത്. ഈ ലോഡ് പ്രദേശത്തിന്റെ ചുമതലയുള്ള തങ്ങളാണ് ഇറക്കേണ്ടതെന്ന വാദമാണ് തൊഴിലാളി യൂണിയൻ ഉന്നയിക്കുന്നത്. കൊച്ചിയിലെ പല പ്രമുഖ സ്ഥാപനങ്ങലിലേയും ഗ്ലാസ് ലോഡുകൾ തങ്ങൾ ഇറക്കിയിട്ടുണ്ടെന്നും ഒരെണ്ണം പോലും പൊട്ടിയിട്ടില്ലെന്നും തൊഴിലാളികൾ പറയുന്നുണ്ട്. എന്നാൽ ടഫൻ ഗ്ലാസ് ആയതിനാൽ പരിശീലനം ലഭിച്ച വിദഗ്ദതൊഴിലാളികൾ തന്നെ ലോഡിറക്കിണമെന്നാണ് യുവസംരംഭകരും പറയുന്നത്.
ഒരു ഗ്ലാസിന് 25,000രൂപയോളം വില വരുമെന്നും, ഗ്ലാസ് പൊട്ടിയാൽ അടുത്ത സ്റ്റോക്ക് ഇറക്കുമതി ചെയ്യാൻ പതിനഞ്ച് ദിവസം വേണ്ടിവരുമെന്നും സംരംഭകർ പറയുന്നു. ഗ്ലാസ് ലോഡ് ഇറക്കാനുള്ള ഉപകരണങ്ങൾ പോലുമില്ലാതെയാണ് തൊഴിലാളികൾ വാദം ഉന്നയിക്കുന്നതെന്നും യുവസംരംഭകർ പറയുന്നു. അഞ്ച് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കേണ്ട ജോലിയാണ് തങ്ങൾ ഏറ്റെടുത്തിരിക്കുന്നതെന്നും അതിന്റെ ലോഡ് ഇറക്കാൻ അനുവദിക്കണമെന്നുമാണ് യുവസംരംഭകരുടെ ആവശ്യം. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ്. പൊലീസ് മധ്യസ്ഥതയിലുള്ള ചർച്ചയും ഫലം കണ്ടിരുന്നില്ല.



