മകന്റെ ജനനസർട്ടിഫിക്കറ്റിൽ നിന്ന് പിതാവിന്റെ പേരുവെട്ടി.. പകരം മാതാവിന്റെ പങ്കാളിയുടെ പേര് ചേർത്തു..തീരുമാനത്തിനെതിരെ..
മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കി മാതാവിന്റെ പങ്കാളിയുടെ പേര് ചേര്‍ത്തു നല്‍കിയ പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് സി എസ് ഡയസിന്റേതാണ് ഉത്തരവ്. നിയമപരമായി സാധ്യമല്ലെന്ന് വിലയിരുത്തിയാണ് കോടതി നടപടി. പേരിൽ മാറ്റം വരുത്താന്‍ നഗരസഭാ രജിസ്ട്രാര്‍ക്ക് അധികാരമില്ലെന്നും പിതൃത്വ നിര്‍ണയം ആവശ്യമെങ്കില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ഉള്‍പ്പെടെ കോടതിയുടെ അനുമതി വേണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഹര്‍ജിക്കാരനെ കൂടി കേട്ട് തീരുമാനമെടുക്കാന്‍ മുനിസിപ്പാലിറ്റി ജനന-മരണ രജിസ്ട്രാര്‍ക്ക് നിര്‍ദേശം നല്‍കി.
2010-ലാണ് ഹര്‍ജിക്കാരനും യുവതിയുമായുളള വിവാഹം. 2011 മാര്‍ച്ച് ഏഴിന് കുഞ്ഞ് ജനിച്ചു. മുനിസിപ്പാലിറ്റിയില്‍ ജനനം രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സ്വന്തം വീട്ടിലേക്ക് പോയ യുവതിയെയും കുഞ്ഞിനെയും ഒരുമാസം കഴിഞ്ഞപ്പോള്‍ കാണാതായി. ഹര്‍ജിക്കാരന്‍ ഹേബിയര്‍ കോര്‍പ്പസ് ഹര്‍ജി നല്‍കി. കോടതിയില്‍ ഹാജരായ യുവതി സുഹൃത്തിനൊപ്പം ജീവിക്കാനാണ് താല്‍പ്പര്യമെന്ന് കോടതിയെ അറിയിച്ചു. 2012-ല്‍ ഉഭയസമ്മതപ്രകാരം വിവാഹമോചനം നേടി. തുടര്‍ന്നാണ് കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പിതാവിന്റെ പേര് ഒഴിവാക്കി മാതാവിന്റെ പങ്കാളിയുടെ പേര് ചേര്‍ക്കാന്‍ അവര്‍ അപേക്ഷ നല്‍കിയത്. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ഇത് അംഗീകരിക്കുകയും ചെയ്തു. ഈ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
അതേസമയം, പിതാവിന്റെ പേര് തെറ്റായി രേഖപ്പെടുത്തിയതാണെന്നും മാറ്റി നല്‍കണമെന്നാണ് ആവശ്യപ്പെട്ടതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. ഹര്‍ജിക്കാരനും യുവതിയും തമ്മിലുണ്ടാക്കിയ കരാറില്‍ സുഹൃത്താണ് കുട്ടിയുടെ ബയോളജിക്കല്‍ ഫാദര്‍ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അതിനാലാണ് ജനനസര്‍ട്ടിഫിക്കറ്റില്‍ മാറ്റം വരുത്തി നല്‍കിയതെന്നും മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി. എന്നാല്‍ അത്തരമൊരു കരാറിനെക്കുറിച്ച് അറിയില്ലെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു.
ഇന്ത്യന്‍ തെളിവുനിയമപ്രകാരം വിവാഹബന്ധം നിലനില്‍ക്കെയുണ്ടാകുന്ന കുട്ടിയുടെ പിതൃത്വാവകാശം പിതാവിനാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതല്ലെങ്കില്‍ ഈ കാലയളവില്‍ ദമ്പതികള്‍ തമ്മില്‍ ഒു ബന്ധവുമില്ലെന്ന് തെളിയിക്കണം. തദ്ദേശഭരണ വകുപ്പിന്റെ 2015-ലെ സര്‍ക്കുലര്‍ പ്രകാരം ജനന രജിസ്റ്ററില്‍ പിതാവിന്റെ പേര് മാറ്റാന്‍ ഡിഎന്‍എ പരിശോധനാ റിപ്പോര്‍ട്ട്, കോടതിയുടെ ഉത്തരവ് എന്നിവയെല്ലാം നിര്‍ബന്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.



