കുട്ടികള്‍ കഞ്ചാവ് വലിക്കുന്നത് കണ്ടു.. ഉറവിടം തേടിയിറങ്ങിയ അരൂർ പൊലീസിന് കിട്ടിയത്…
ആലപ്പുഴ: തുറവൂരിൽ കഞ്ചാവ് വിൽപ്പനയ്ക്കിടെ യുവാവ് പൊലീസിന്റെ പിടിയിലായി. ചന്തിരൂർ കണ്ണോത്ത് പറമ്പിൽ ഇസ്മയിലി(23)നെയാണ് അരൂർ എസ്ഐ എസ് ഗീതുമോളുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. അരൂർ പഞ്ചായത്ത് 10-ാം വാർഡിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ കഞ്ചാവ് വലിക്കുന്നത് കണ്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
കഞ്ചാവ് എത്തിച്ചു നൽകിയത് ഇസ്മയിലാണെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളിൽനിന്ന് 300 ഗ്രാം കഞ്ചാവിന്റെ പൊതി കണ്ടെടുത്തു. നെടൂർ സ്വദേശിയായ ഇയാൾ കുടുംബത്തോടൊപ്പം ചന്തിരൂരിലെ വാടകവീട്ടിലാണ് താമസം.
സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് ഇസ്മയിൽ കഞ്ചാവ് വില്പന നടത്തിവരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊച്ചി പനങ്ങാട് പൊലീസ് സ്റ്റേഷനിലെ കഞ്ചാവ് കേസിൽ ഇയാൾ പ്രതിയുമാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി.