ഭർതൃവീട്ടിലെ യുവതിയുടെ മരണം.. അസ്വാഭാവികത തോന്നി പൊലീസിൽ അറിയിച്ച് ആശുപത്രി അധികൃതർ.. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു..

പാലക്കാട് വടക്കഞ്ചേരിയിൽ ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. 25- കാരിയായ നേഖ സുബ്രഹ്മണ്യനെയാണ് ആലത്തൂർ തോണിപ്പാടത്തെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികത തോന്നിയതിനാൽ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കളും രംഗത്തെത്തി. ആലത്തൂർ തോണിപ്പാടം കല്ലിങ്ങൽ വീട്ടിൽ പ്രദീപനാണ് മരിച്ച നേഖയുടെ ഭർത്താവ്.

മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളെ കൊന്നതാണെന്നും നേഖയെ മുമ്പും ഭർത്താവ് ഉപദ്രവിച്ചിരുന്നുവെന്നും നേഖയുടെ അമ്മ ജയന്തി പറഞ്ഞു. ഭർത്താവിനെതിരെ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു. വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾക്കുശേഷമാണ് ഇവർക്ക് മകളുണ്ടായത്. മക്കളില്ലാത്തതുമായി ബന്ധപ്പെട്ട് നേരത്തെയും പ്രദീപ് മർദിച്ചിരുന്നുമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

ആറുവർഷം മുമ്പാണ് നേഖയുടെയും പ്രദീപിൻ്റെയും വിവാഹം നടന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ആലത്തൂർ പൊലീസ് കേസെടുത്തു. ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷമേ വിശദമായ വിവരം ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Back to top button