പാർട്ടി പതാക പുതച്ച് പ്രിയ സഖാവ്….വലിയ ചുടുകാട്ടിലേക്ക് അന്ത്യയാത്ര….
ആലപ്പുഴ: കേരള രാഷ്ട്രീയത്തിലെ അതുല്യനായ പോരാളി ജനമനസുകളിലെ പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം ഒരുങ്ങുന്നു. തോരാമഴയിലും ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയും ആയിരങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിച്ചു.
ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനത്തിന് ശേഷം റെഡ് വളണ്ടിയർമാർ അവസാനമായി വിഎസിന് അന്ത്യാഭിവാദ്യം നൽകി. കണ്ണേ കരളേ വിഎസ്സേ , ഇല്ലാ ഇല്ല മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ.. വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ പാർട്ടി പതാക പുതപ്പിച്ച വി എസിനെ വലിയ ചുടുകാട്ടിലേക്ക് എടുത്തു.