ഓപ്പറേഷൻ സിന്ദൂർ: ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ…
ഓപ്പറേഷൻ സിന്ദൂറിൽ പാർലമെൻ്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ചയ്ക്ക് സമയം നീക്കിവച്ചു. ലോക്‌സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയുമാണ് ചർച്ച. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍ വിഷയങ്ങളുയർത്തി ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇരു സഭകളും ഇനി നാളെ സമ്മേളിക്കും.
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണ വിവാദത്തില്‍ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിച്ച ശേഷമാണ് സഭക്കുള്ളില്‍ പ്രതിപക്ഷം ഇന്ന് പ്രതിഷേധമുയർത്തിയത്. സഭ സ്തംഭനം പതിവായതോടെയാണ് പഹൽഗാം, ഓപ്പറേഷൻ സിന്ദൂർ വിഷയങ്ങളിൽ സര്‍ക്കാര്‍ അയഞ്ഞത്. തിങ്കളാഴ്ച ലോക് സഭയിലും, ചൊവ്വാഴ്ച രാജ്യസഭയിലും 16 മണിക്കൂര്‍ വീതം ചര്‍ച്ച നടത്താനാണ് തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.
ധന്‍കറിന്‍റെ രാജിയടക്കം വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു. പ്രതിപക്ഷ പ്രതിഷത്തിനൊടുവില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്‍റില്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായി. അവിശ്വാസത്തിലൂടെ പുറത്താക്കും മുന്‍പുള്ള രക്ഷപ്പെടലായിരുന്നു ജഗദീപ് ധന്‍കറിന്‍റെ രാജിയെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്മെന്‍റ് നടപടിയെ രാജ്യസഭയില്‍ പിന്തുണക്കാനുള്ള നീക്കം നടത്തിയതാണ് ധന്‍കറോട് സര്‍ക്കാര്‍ ഇടയാന്‍ കാരണമായത്.

